Asianet News MalayalamAsianet News Malayalam

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടെന്ന് കെ മുരളീധരന്‍

പതിനഞ്ച് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട രാജഗോപാലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കുമ്മനം രാജശേഖരന്‍റെ ശ്രമം. 

no need to consider padmaja for vattiyoorkkavu election says k muraleedharan
Author
Vattiyoorkavu, First Published Sep 22, 2019, 11:58 AM IST

കോഴിക്കോട്: താന്‍ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. താന്‍ ഒഴിഞ്ഞ ഉടനെ തന്‍റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനെ മുരളീധരന്‍ പിന്തുണച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്.

അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നിലവില്‍ എല്‍ഡിഎഫിന്‍റെ കൈയിലുള്ള അരൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുരളീധരന്‍.
 
തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.  

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മ‍ഞ്ചേശ്വരത്ത് ലീഗും മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരിക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് ഇതുവരെ മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും മത്സരിക്കണം. 

വട്ടിയൂര്‍ക്കാവില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആണെന്ന മുന്‍പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് വട്ടിയൂര്‍ക്കാവില്‍ ബിജെപി ഒരു ഘടകമേ അല്ല എന്നൊന്നും താന്‍ പറയില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രാവശ്യം ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ നേട്ടമുണ്ടാക്കാനാവില്ല.

പതിനഞ്ച് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ രാജഗോപാലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കുമ്മനം രാജശേഖരന്‍റെ ശ്രമമെന്നും മുരളീധരന്‍ പരിഹരസിച്ചു.മഞ്ചേശ്വരത്ത് ഇത്രയും കാലം ജന പ്രതിനിധി ഇല്ലാതെ പോയതിന്‍റെ ഉത്തരവാദിത്വം ബിജെപിക്കാണ്. അതിനാൽ തന്നെ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios