തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.  രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. 

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മതി. സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ രണ്ടാം നിര സമ്പർക്കത്തിൽ വന്നവർക്കും (സെക്കൻഡറി കോണ്ടാക്ട്) ഈ നിർദേശം ബാധകമാണ്. അതേസമയം ഇവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം. 

കേരളത്തിന് പുറത്തു നിന്നും വരുന്നവർക്കെല്ലാം 28 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറൻ്റൈൻ പാലിച്ചാൽ മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് മറുനാടൻ മലയാളികൾക്ക് ഈ തീരുമാനം ഗുണം ചെയ്യും.