തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. സംസ്ഥാനത്തെ എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിൻവലിച്ചു. ഇന്ന് ഇടുക്കിയില്‍ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പിൻവലിച്ചിട്ടുണ്ട്.

ഓഗസ്റ്റ് എട്ട് മുതല്‍ തുടങ്ങിയ കനത്ത മഴയ്ക്ക് ശമനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതനുസരിച്ച് ആഗസ്റ്റ് 20 വരെ സംസ്ഥാനത്ത് ഒരിടത്തും ജാഗ്രതാ നിർദ്ദേശമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ടും പിൻവലിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ഈ ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. മാലി തീരത്തിനടുത്ത് ഒരു ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കേരളത്തിന് ആശങ്ക വേണ്ടെന്നാണ് വിലയിരുത്തൽ. 

സംസ്ഥാനത്ത് കാലവർഷക്കാലത്ത് കിട്ടേണ്ട മഴയുടെ തോത് ഈ ദിവസങ്ങളിൽ തന്നെ മറികടന്നിരുന്നു. എന്നാൽ ഏറ്റവും വലിയ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ 20 ശതമാനം മഴയുടെ കുറവുണ്ട്. വയനാട്ടിൽ 15 ശതമാനവും. സെപ്റ്റംബര്‍ മുപ്പത് വരെ കാലവർഷമുള്ളതിനാൽ ഇതും നികത്തപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.