Asianet News MalayalamAsianet News Malayalam

മഴയുടെ അളവിൽ വൻ കുറവ്: ഡാമുകളിൽ വെള്ളമില്ല, സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് സാധ്യത

കാലവർഷം തുടങ്ങി 40 ദിവസം പിന്നിടുമ്പോൾ ഏറ്റവും കുറവ് മഴയാണ് ഇത്തവണ കിട്ടിയത്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ പോലും ഇത് വരെ കിട്ടിയില്ല. 

no rain in kerala chance for Load Shedding
Author
Trivandrum, First Published Jul 9, 2019, 1:42 PM IST

തിരുവനന്തപുരം: കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശേഷിക്കുന്നത് പത്ത് ദിവസത്തേക്കുള്ള വെള്ളം മാത്രമാണ്. പ്രതീക്ഷിച്ചതിനേക്കാൾ 46 ശതമാനം മഴയുടെ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

കാലവര്‍ഷ കാലം എത്തി നാൽപത് ദിവസം പിന്നിടുമ്പോൾ പ്രതീക്ഷിച്ചതിന്‍റെ പകുതി മഴപോലും സംസ്ഥാനത്ത് പെയ്യാത്ത സാഹചര്യമാണ് ഉള്ളത്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെ മഴക്കുറവ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. പതിനഞ്ചാം തീയതി വരെ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കഴിഞ്ഞ നാലാം തീയതി ചേര്‍ന്ന യോഗത്തിൽ വൈദ്യുതി ബോര്‍ഡ് വിലയിരുത്തിയതെങ്കിലും നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. 

മഴകുറയുന്ന സ്ഥിതി സങ്കീര്‍ണ്ണമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പറയുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ പോലും ഇതുവരെ കിട്ടിയിട്ടില്ല. 798 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ച 40 ദിവസം കൊണ്ട് കിട്ടിയത് 435 മില്ലീമീറ്റർ മാത്രമാണ്. ഇടുക്കി അണക്കെട്ടിൽ  ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളമെ ഇപ്പോഴുള്ളൂ. മഴയില്ലാത്ത സ്ഥിതി തുടരുകയാണെങ്കിൽ അടുത്ത പതിനഞ്ചിന് വീണ്ടും യോഗം ചേര്‍ന്ന് ലോഡ് ഷെഡിംഗ് അടക്കമുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു 

Follow Us:
Download App:
  • android
  • ios