തിരുവനന്തപുരം: മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ബി.എസ്.എൻ.എല്‍ കരാര്‍ ജീവനക്കാര്‍.  കോവിഡ് 19 ന്‍റെ നിയന്ത്രണങ്ങള്‍ക്കിടയിലും  അവധിയില്ലാതെ ജോലിചെയ്യുന്നവരാണ് ഈ തൊഴിലാളികള്‍.

അഞ്ചു വര്‍ഷത്തോളമായി ദിവാകരൻ  ബി എസ് എൻ എല്‍ ഓഫീസില്‍ സെക്യൂരിട്ടി ജീവനക്കാരനാണ്..കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദിവാകരന് കിട്ടിയത് രണ്ട് മാസത്തെ ശമ്പളം മാത്രം.ബാക്കി പത്ത് മാസത്തെശമ്പളം എന്നു കിട്ടുമെന്നും അറിയില്ല.ലോക്ഡൗൺ കാലത്തും ദിവാകരനെപ്പോലുള്ള തൊഴിലാളികള്‍ക്ക് അവധിയില്ല.

സ്വന്തം ഉത്തരവാദിത്തത്തില്‍  ജോലിക്കെത്തണം.ഇത് ദിവാകരന്‍റെ മാത്രമല്ല.സംസ്ഥാനത്തെ  ബി.എസ്.എൻ.എല്‍ കരാര്‍ തൊഴിലാളികളുടെ എല്ലാം അവസ്ഥയാണ്. ഏജൻസി മുഖേനെയാണ് ബി.എസ്.എൻ.എല്‍ കരാര്‍ തെഴിലാളികളെ നിയമിക്കുന്നത്.അതുകൊണ്ടുതന്നെ ശമ്പളക്കാര്യം തൊഴിലാളികള്‍ക്ക് ബി.എസ്.എൻ.എല്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിക്കാൻ കഴിയില്ല.

ചോദിച്ചിട്ട് കാര്യവുമില്ല.ബി.എസ്.എൻ.എല്‍ നിന്ന് മാസങ്ങളായി പണം കിട്ടുന്നില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം.ഇങ്ങനെ എല്ലാവരും കയ്യൊഴിയുമ്പോള്‍ ഉപജീവനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന തൊഴിലാളികളുടെ ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവുകയാണ്.