തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ നിയമ ലംഘനം തടയാനുള്ള സർക്കാർ ശ്രമം വഴിപാടാകുന്നു. പെർമിറ്റ് ലംഘനത്തിന് നോട്ടീസും പിഴയും നൽകുക മാത്രമാണിപ്പോൾ ചെയ്യുന്നത്. പിഴ അടച്ച് മുടക്കമില്ലാതെ സർവ്വീസ് നടത്തുകയാണ് ബസ്സുകൾ.

സുരേഷ് കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ഗതാഗതവകുപ്പ് ഒരു മാസം മുൻപ് ഓപ്പറേഷൻ നൈറ്റ്റൈഡേഴ്സ് തുടങ്ങിയത്. ഒരു മാസം കൊണ്ട് 2 കോടി മുപ്പത് ലക്ഷം പിഴ ഇനത്തിൽ സർക്കാറിന് കിട്ടി. പക്ഷെ ചട്ടം ലഘിച്ചുള്ള സർവ്വീസിന് കടിഞ്ഞാണിടാനായില്ല. കോൺട്രാക്ട് കാരേജ് ലൈസൻസ് എടുത്തു സ്റ്റേജ് കാരേജിൽ സർവ്വീസ് നടത്തുന്നതിലാണ് ഇപ്പോഴത്തെ നടപടി. ഇതിൽ തന്നെ പരമാവധി ചുമത്താകുന്ന പിഴ അയ്യായിരം. ഒറ്റ ട്രിപ്പിൽ തന്നെ വൻ തുക കിട്ടുന്ന ബസ്സുടമകൾക്കിത് നിസ്സാരം. കൂടുതൽ കടുത്ത നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് പോകാത്തതിനാൽ പിഴ നൽകി യഥേഷ്ടം സർവ്വീസ് നടത്തുകയാണ് ബസ്സുകൾ.

ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള എൽഎപിറ്റി ലൈസൻസില്ലാത്ത ട്രാവൽ ഏജൻസികൾ പൂട്ടാൻ നോട്ടീസ് കൊടുത്തതല്ലാതെ അവിടെയും തുടർ നടപടികളുണ്ടായില്ല. ലൈസൻസിനായി കർശന വ്യവസ്ഥകളുമായി ഗതാഗതവകുപ്പ് ഉത്തരവിറക്കിയെങ്കിലും അതും ബസ് ലോബികളുടെ സമ്മർദ്ദം മൂലം നടപ്പായില്ല. സ്വകാര്യ ബസ്സുകളുടെ കുത്തക അവസാനിപ്പിക്കാൻ 15 ബസുകളോടിക്കുമെന്ന് പറഞ്ഞ കെഎസ്ആർിടിസി നഷ്ടക്കണക്ക് കാട്ടി പിന്മാറി. ഈ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയ സർക്കാർ ഇനിയെല്ലാം റിപ്പോർട്ട് വന്നശേഷം മതിയെന്ന നിലപാടിലേക്ക് മാറി.