കരാറിലും ഉപകരാറിലും അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാർ- റിയാസ്

ദില്ലി : കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്ചയിൽ, സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം ആവശ്യപ്പെടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദില്ലിയിൽ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി- മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അന്വേഷണാവശ്യം ഉയർന്നില്ല. വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്ന് തന്നെയാണ് നിലപാട്. പക്ഷേ കരാറിലും ഉപകരാറിലും അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്രമാണെന്നും റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ എന്‍എച്ച് 66 ന്‍റെ കാലനായി പ്രവർത്തിക്കാൻ തുടങ്ങിയാലും പദ്ധതി നടപ്പിലാക്കും. കാലന്‍റെ പണിയെടുക്കാന്‍ നോക്കിയാലും കേരളം പദ്ധതിയുമായി മുന്‍പോട്ട് പോകും. കോൺഗ്രസ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാനാണ് വേണുഗോപാൽ ശ്രമിക്കുന്നതെന്നും റിയാസ് ആരോപിച്ചു. റീല്‍സ് റീല്‍സ് എന്ന് രാവിലെ നിലവിളിക്കുകയും ഉച്ചയാകുമ്പോള്‍ പത്ത് റീല്‍സ് ഇടുകയും ചെയ്യുന്നവരാണ് കേരളത്തിലെ പ്രതിപക്ഷ നേതാക്കളെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.