ദില്ലി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികളിൽ തീരുമാനം വൈകും. മതസ്വാതന്ത്ര്യവും ഭരണഘടനയും സംബന്ധിച്ച് ഏഴ് കാര്യങ്ങളിൽ ഏഴംഗങ്ങളിൽ കുറയാത്ത ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചു. വിശാല ബെഞ്ചിന്റെ തീരുമാനം വന്ന ശേഷമായിരിക്കും ശബരിമല പുനപരിശോധനാ ഹര്‍ജികളിൽ തീരുമാനമെടുക്കുക.

നിലവിലെ സുപ്രീംകോടതി വിധി അതേ പടി നിലനിര്‍ത്തി കൊണ്ട് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണം എന്നതാണ് സുപ്രീംകോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതിനാല്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ 2018-ലെ വിധി അതേ പോലെ നിലനില്‍ക്കും. മണ്ഡലകാല പൂജകള്‍ക്കായി മറ്റന്നാള്‍ ശബരിമല തുറക്കുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ സര്‍ക്കാരിന് ഇവരെ പ്രവേശിപ്പിക്കേണ്ടി വരും. 

എല്ലാ മതവിഭാഗങ്ങള്‍ക്കും വിധി ബാധകമാണ് എന്നതിനാല്‍ ശബരിമലയില്‍ മാത്രമായി വേറിട്ടൊരു നിലപാട് എടുത്ത് നില്‍ക്കാന്‍ സംസ്ഥാനത്ത് ഭരണമുള്ള ഇടതുപക്ഷത്തിനോ പ്രതിപക്ഷത്തിനോ സാധിക്കില്ല. യുവതീപ്രവേശനത്തിനെതിരായ വിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ഈ ഹര്‍ജികളും വിധിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് കോടതിയിലെത്തിയ വിവിധ കോടതീയലക്ഷ്യ ഹര്‍ജികളുമാണ് അ‍ഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഈ ഹര്‍ജികളെല്ലാം വിധി പറയാതെ മാറ്റിയിരിക്കുകയാണ്.

സുപ്രീംകോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമായാണ് യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വാദിക്കുന്നത്. പുതിയ വിധിയെ അയ്യപ്പന്‍റെ അനുഗ്രഹമായി യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ചിത്രീകരിക്കുമ്പോള്‍  രാജ്യമാകെ എല്ലാമതജാതി വിഭാഗങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന്ന ചരിത്രവിധിക്ക് സുപ്രീംകോടതി കളമൊരുക്കുകയാണ് എന്നാണ് വിധിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.