എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഇതര രോഗികളെ കൂടി ചികിത്സിക്കണമെന്ന് ആവശ്യം. ജനപ്രതിനിധികൾക്കൊപ്പം മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. ഗുരുതര രോഗികളെ മാത്രം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ഘട്ടം ഘട്ടമായി കളമശ്ശേരി മെഡിക്കൽ കോളേജിന്‍റെ സേവനം എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം.

കൊവിഡ് ഇതര രോഗികൾക്കും, അർബുദ ബാധിതർക്കും ചികിത്സ നിഷേധിക്കുന്നതിലാണ് പ്രതിഷേധം ശക്തമാകുന്നത്. കൊവിഡ് ചികിത്സ ഒഴികെയുള്ള മറ്റ് എല്ലാ വിഭാഗത്തിലെയും ഡോക്ടർമാരുടെയും അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്താനാകുന്നില്ല. ആധുനിക ചികിത്സ ഉപകരണങ്ങൾ ഉൾപ്പടെ മാസങ്ങളായി വെറുതെ ഇരിക്കുന്നു. മധ്യകേരളത്തിലെ നിരവധി പേർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കിയിരുന്ന ആശുപത്രി മാസങ്ങളായി കൊവിഡ് ചികിത്സക്കായി മാത്രം ഉപയോഗിക്കുന്നു. 

ഇതോടെ മെഡിക്കൽ കോളേജിലെ രോഗികൾ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഒപ്പം ഇവിടത്തെ ഹൗസ് സർജൻമാരെ മറ്റ് മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലേക്കും മാറ്റി. മെഡിക്കൽ കോളേജ് പരിസരത്തുള്ള കൊച്ചി ക്യാൻസർ സെന്‍ററിലേക്കും ഇപ്പോൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പകരം എറണാകുളം ജനറൽ ആശുപത്രിയിലാണ് ക്യാൻസർ സെന്‍ററിലെ ഡോക്ടർമാർ രോഗികളെ കാണുന്നത്. മറ്റൊരു ആശുപത്രിയിലാണ് ക്യാൻസർ രോഗികളുടെ ശസ്ത്രക്രിയ. 

സംസ്ഥാനത്ത് കൂടുതൽ പ്രവാസികളെ പ്രതീക്ഷിക്കുന്ന സ്ഥലമാണ് കൊച്ചിയെന്നും കളമശ്ശേരിയിൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ചർച്ചകൾക്ക് ശേഷമെന്നും മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ കളമശ്ശേരി, മഞ്ചേരി മെഡിക്കൽ കോളേജുകൾ ഒഴികെ എല്ലായിടത്തും കൊവിഡ് ഇതര രോഗികളെയും പരിശോധിക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജും, അങ്കമാലിയിലെ കൊവിഡ് കെയർ സെന്‍ററിലുമായാണ് എറണാകുളത്തെ രോഗികളെ ചികിത്സിക്കുന്നത്.