Asianet News MalayalamAsianet News Malayalam

നിര്‍ണായക മാറ്റം; ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കേരള ഹൈക്കോടതി

യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ അനുമതിയില്ലാതെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗം. സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനുള്ളിലേക്ക് പ്രതിയുടെ സ്വകാര്യ അവയവം പ്രവേശിപ്പിക്കുന്നതിനെ മാത്രം ബലാത്സംഗമായി കണക്കാക്കിക്കൊണ്ടിരുന്ന രീതിക്ക് മാറ്റം വരുത്തുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി

non penetrative sex also termed as rape Kerala HC redefines rape
Author
Kerala High Court, First Published Aug 5, 2021, 3:33 PM IST

ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് കേരള ഹൈക്കോടതി.ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. പെണ്‍കുട്ടിയുടെ  ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കിയാണ് വിധി. 

യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ അനുമതിയില്ലാതെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി. വിശദമായ വാദത്തിനിടെ പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള  ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം തന്നെ ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി വിശദമാക്കി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എഎ സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. സെഷന്‍സ് കോടതി വിധിക്കെതിരായ പ്രതിയുടെ അപ്പീല്‍ പരിഗണിക്കുമ്പോളാണ് വിധി. 

ഇന്ത്യന്‍ ശിക്ഷാ നിയമം 375 ചുമത്തുന്നതിനെതിരേയായിരുന്നു അപ്പീല്‍. സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനുള്ളിലേക്ക് പ്രതിയുടെ സ്വകാര്യ അവയവം അനുമതിയില്ലാതെ പ്രവേശിപ്പിക്കുന്നതിനെ മാത്രം ബലാത്സംഗമായി കണക്കാക്കിക്കൊണ്ടിരുന്ന രീതിക്ക് മാറ്റം വരുത്തുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി. 2015ലാണ് എറണാകുളത്തെ തിരുമാറാടിയില്‍ പതിനൊന്നുകാരി വയറുവേദനയ്ക്ക് ചിക്ത്സ തേടിയെത്തിയത്. വിശദമായ പരിശോധനയില്‍ അയല്‍വാസി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അപമാനം ഭയന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിനല്‍കിയില്ല. 

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കുടുംബം പരാതിപ്പെടുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അയല്‍വാസിയെ കേസില്‍ അറസ്റ്റ് ചെയ്തത്. കീഴ്ക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ ആജീവനാന്ത തടവിന് വിധിക്കുകയായിരുന്നു. എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനുണ്ടായ കാലതാമസവും ആരോപണം കെട്ടിച്ചമച്ചതാണെന്നും കാണിച്ചായിരുന്നു പ്രതി ഹൈക്കോടതിയെ സമീപിച്ചത്.  

എന്നാല്‍ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനാല്‍ പോക്സോ വകുപ്പ് ഹൈക്കോടതി നീക്കി. പോക്സോ വകുപ്പുകള്‍ അനുസരിച്ച് സെഷന്‍സ് കോടതി വിധിച്ച ആജീവനാന്ത തടവ് എന്നത് ജീവപര്യന്തം എന്നാക്കി ഇളവ് ചെയ്യുകയും ചെയ്തു ഹൈക്കോടതി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios