Asianet News MalayalamAsianet News Malayalam

പ്രവാസി പദ്ധതികള്‍ കടലാസില്‍ മാത്രം; നോര്‍ക്ക- സപ്ലൈകോ സ്റ്റോര്‍ പദ്ധതി ഉപേക്ഷിച്ചു, പ്രവാസികള്‍ പെരുവഴിയില്‍

വരുമാനത്തിനായി സ്വന്തം നിലക്ക് ചെറിയൊരു ബേക്കറി തുറന്ന പ്രവാസിക്ക്  കനത്ത നികുതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയത്.

norka abandoned projects setback for expatriates in kerala
Author
Trivandrum, First Published Jul 22, 2021, 7:52 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി, നോര്‍ക്ക പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പല പദ്ധതികളും കടലാസില്‍ ഒതുങ്ങി. കൊട്ടിഘോഷിച്ച പ്രവാസി സപ്ലൈകോ സ്റ്റോര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. വരുമാനത്തിനായി സ്വന്തം നിലക്ക് ചെറിയൊരു ബേക്കറി തുറന്ന പ്രവാസിക്ക്  കനത്ത നികുതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയത്. കഴക്കൂട്ടം സ്വദശിയായ തോമസ് ഗോമസ് മൂന്ന് പതിറ്റാണ്ടോളം ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലെ ജോലിയില്‍ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്‍റെ  ആശ്രയം. കൊവിഡ് പ്രതിസനധിയില്‍ ജോലി നഷ്ടപ്പെട്ട് കഴി‍ഞ്ഞ വര്‍ഷം ജൂലൈയില്‍ നാട്ടില്‍ തിരിച്ചെത്തി. 

നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയായ സപ്ലൈകോ പ്രവാസി സ്റ്റോര്‍ ശ്രദ്ധയില്‍പ്പെട്ടു. 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപവരെ ബാങ്ക് വായ്പ അനുവദിക്കാം എന്നായിരുന്നു പ്രഖ്യാപനം. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട ആംരഭിക്കാനായിരുന്നു പദ്ധതി. പ്രതീക്ഷയോടെ തോമസും അപേക്ഷ സമര്‍പ്പിച്ചു. ആറ് മാസത്തിലേറെ നോര്‍ക്കയുടേയും സപ്ലൈകോയുടേയും ഓഫീസുകളില്‍ കയറി ഇറങ്ങി. പദ്ധതി ഉപേക്ഷിച്ചെന്നാണ് ഒടുവില്‍ കിട്ടിയ മറുപടി.

രണ്ട് പെണ്‍കുട്ടികളാണ് തോമസിനുള്ളത്. മൂത്ത മകള്‍ പിജി കഴിഞ്ഞു. ഇളയ മകള്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ ചെലവും വീട്ടു ചെലവും നടക്കണം. ചെറിയൊരു ബേക്കറി വീടിനോട് ചേര്‍ന്ന് തുടങ്ങാന്‍ തീരുമാനിച്ചു. ലൈസന്‍സ് എടുക്കാന്‍ കോര്‍പ്പറേഷനില്‍ ചെന്നപ്പോള്‍ നികുതിയായി ചുമത്തിയത് 1500 രൂപ. ലോക്ഡൗണില്‍ കച്ചവടം ഇടിഞ്ഞതോടെ നികുതിയും കനത്ത വൈദ്യുതി  ബില്ലും ബാധ്യതയായി. വയസ്സ് 58 കഴിഞ്ഞു, ഇനി ദുബായിലേക്ക് മടങ്ങി മറ്റൊരു ജോലി കണ്ടെത്തുക എളുപ്പവുമല്ല. തോമസ് ഗോമസിന്‍റേത് ഒറ്റപ്പെട്ട അനുഭവമല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. പുതിയ സംരഭം തുടങ്ങുമ്പോഴുള്ള ഇളവുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു.

Follow Us:
Download App:
  • android
  • ios