തുലാവര്‍ഷത്തിനൊപ്പം ഇടിമിന്നലും കേരളത്തില്‍ ശക്തം. ഇടിമിന്നൽ ഏൽക്കുന്നത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലെടുക്കണമെന്ന് നോക്കാം. മിന്നല്‍വേളയില്‍ സുരക്ഷിതമായ കെട്ടിടങ്ങളില്‍ മാത്രം കഴിയുക. 

തിരുവനന്തപുരം: സംസ്ഥാനത്ത് തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തിനൊപ്പം ഇടിമിന്നലും ശക്തമാവുകയാണ്. ഇന്നലെ കോഴിക്കോട് പുല്ലാളൂരിൽ മിന്നലേറ്റ് യുവതി മരണപ്പെട്ടിരുന്നു. മിന്നലില്‍ പാലക്കാട് ഒരാൾക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വയനാട്ടിലും നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിമിന്നൽ ഏൽക്കുന്നത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന് നോക്കാം.

ഇടിമിന്നല്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. മിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

2. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേയ്ക്കോ പോകരുത്.

3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. മിന്നലിൽ സ്വയം വൈദ്യുതി കട്ട് ആകുന്ന സംവിധാനം വീടുകളുടെ വയറിങ് വേളയിൽത്തന്നെ ഉൾപ്പെടുത്തുക.

4. കനത്ത മിന്നൽ ഉള്ളപ്പോൾ വീടിന്‍റെ ജനലും വാതിലും അടച്ചിടുക. ജനാലയ്ക്കും വാതിലിനും അരികിൽ നിൽക്കരുത്.

5. തുറസായ സ്ഥലത്ത് നിൽക്കരുത്. തുറന്ന വാഹനങ്ങൾ സുരക്ഷിതമല്ല. കാർ പോലെ പൂർണ്ണമായും അടച്ച വാഹനങ്ങൾ സുരക്ഷിതമാണ്.

6. മിന്നലുള്ള സമയത്ത്‌ കുളിക്കുന്നതും ജലാശയത്തിൽ ഇറങ്ങുന്നതും ഉയരമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നതും സുരക്ഷിതമല്ല. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

7. ഉയരം കൂടിയ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തുക.

തുലാവര്‍ഷം: പൊതുജനങ്ങൾക്കുള്ള മറ്റ് ജാഗ്രതാ നിർദേശങ്ങള്‍

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ- പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24x7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍‌ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്