Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് ഓക്സിജന്‍ സിലിണ്ടറില്ല; കാസര്‍കോട് രണ്ടാംദിനവും പ്രതിസന്ധി, ആരോഗ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം

കാസർകോട് നഗരത്തിലെ അരമന ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ അവശേഷിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി. പത്ത് സിലിണ്ടർ അടിയന്തരമായി വേണമെന്ന് ഓക്സിജൻ വാർ റൂമിൽ ആശുപത്രി അധികൃതർ ഒരു ദിവസം മുമ്പേ അറിയിച്ചിട്ടും ഫലമുണ്ടായില്ല. 

not enough oxygen cylinders in kasaragod
Author
Kasaragod, First Published May 11, 2021, 6:38 PM IST

കാസര്‍കോട്: തുടർച്ചയായി രണ്ടാം ദിവസവും കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം. മംഗളൂരുവിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതും കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

കാസർകോട് നഗരത്തിലെ അരമന ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ അവശേഷിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി. പത്ത് സിലിണ്ടർ അടിയന്തരമായി വേണമെന്ന് ഓക്സിജൻ വാർ റൂമിൽ ആശുപത്രി അധികൃതർ ഒരു ദിവസം മുമ്പേ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സ്ഥിതി ഗുരുതരമാകുമെന്ന സാഹചര്യം ഉണ്ടായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് നാല് വലിയ സിലിണ്ടറുകൾ എത്തിച്ചു. ഇന്നലെത്തേതിന് സമാനമായി ഇകെ നായനാർ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം തുടരുകയാണ്. 

സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്ന മുറക്ക് വാർ റൂമിൽ നിന്ന് കണ്ണൂരിലെ ഓക്സിജൻ പ്ലാന്‍റിലേക്ക് ശുപാർശ നൽകുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ പ്ലാന്‍റിൽ നിന്ന് ആവശ്യത്തിന് എത്തുന്നില്ല. നിലവിൽ ജില്ലയിൽ ഒരു ദിവസം ആവശ്യമുള്ളത് കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ഇപ്പോൾ എത്തുന്നത് 200 എണ്ണം മാത്രം. മംഗളൂരുവിലെ ഏജൻസികളിൽ നിന്നും വിതരണം നിലച്ചതോടെ കണ്ണൂരിലെ ബാൽകോ പ്ലാന്‍റ് മാത്രമായി ആശ്രയം. 

മൂന്നൂറ് ഓക്സിജൻ സിലിണ്ടറാണ് കണ്ണൂർ പ്ലാന്‍റിന്‍റെ പരമാവധി ഉത്പ്പാദന ശേഷി. അടിയന്തര ആവശ്യം പരിഗണിച്ച് ആശുപത്രികൾ പരസ്പരം സിലിണ്ടറുകൾ കൈമാറിയാണ് മുന്നോട്ട് പോകുന്നത്. ഏത് സമയവും താളം തെറ്റാം. ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Follow Us:
Download App:
  • android
  • ios