തിരുവനന്തപുരം: മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കോൺ​ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. എംപിമാ‍ർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താൻ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള കെ.മുരളീധരൻ്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തിൽ ച‍ർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാദം അദ്ദേഹം തള്ളിക്കളയുന്നു. എംപിമാ‍ർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും സ്ഥാനാ‍ർത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാൻ ആ​ഗ്രഹമുള്ളവരുണ്ട്. 

വട്ടിയൂ‍ർക്കാവിൽ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാൽ തന്നെ ഇവിടെ തൻ്റെ് സ്ഥിരം സാന്നിധ്യമുണ്ടാവും. നേരത്തെയുള്ള പുനസംഘടനയിൽ യുഡിഎഫ് കൺവീന‍ർ സ്ഥാനം താൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. 

പാ‍ർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിർത്തുകയല്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് പാ‍ർട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോൾ പേടിച്ചു സമരം നിർത്തി എന്ന അവസ്ഥയായി. പാ‍ർട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാ‍ർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിൽ തുടർന്നും താനുണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി. കെപിസിസി പുനസംഘടനയിൽ തൻ്റെ കൂടെയുള്ളവ‍രെ തീ‍ർത്തും അവ​ഗണിക്കപ്പെട്ടെന്നും മുരളി തുറന്നടിക്കുന്നു.