ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയെന്ന് കണ്ടെത്തി 

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി. 

അതേ സമയം, നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതാണ് പുറത്ത് വന്നത്. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ച ബഹളത്തിലേക്ക് നീങ്ങിയപ്പോൾ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ കാറിൽ കയറുന്നത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ചുറ്റും കൂടുതൽ സ്ത്രീകളടക്കമുള്ളവരുണ്ട്. ജീവനക്കാരിൽ ഒരാൾ അവരുടെ സ്കൂട്ടറിലാണ് ഈ വാഹനത്തിന് പിന്നാലെ പോകുന്നത് . ഫ്ലാറ്റിൽ നിന്ന് ഇവർ നേരെ പോകുന്നത് അമ്പലമുക്കിലെ കൃഷ്ണകുമാറിൻറെ ഓഫീസിലേക്കാണ്. അവിടെ പക്ഷെ സിസിടിവിയില്ല. 

YouTube video player