എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് കണ്ട് ക്ഷണിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം പങ്കെടുക്കാനാവില്ലെന്നും പ്രതിനിധിയെ അയക്കുമെന്നും അറിയിച്ചു.
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചത്. അതിനാൽ എൻഎസ്എസിന്‍റെ പ്രതിനിധിയെ അയക്കും. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് ശേഷമാണ് പി എസ് പ്രശാന്ത് പെരുന്നയിൽ എത്തിയത്.
ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എൻഎൻഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതിനിടെ 22ന് ബദൽ സംഗമം നടത്താൻ ശബരിമല കർമ്മസമിതി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം കാപട്യമാണെന്നും സര്‍ക്കാരിന്‍റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സിപിഎം ആചാര ലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ തയ്യാറായില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഓഫീസിൽ ഏല്‍പ്പിച്ചെന്നാണ് പി എസ് പ്രശാന്ത് പറഞ്ഞത്.

