ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ കുറഞ്ഞെന്ന് കണക്ക്. സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്. എയ്ഡഡ് സ്​​കൂളിലും ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. 235 കുട്ടികളാണ് എയ്ഡഡ് സ്​​കൂളിൽ കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു. ഈ വർഷം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ 6,928 കുട്ടികളാണ് കുറഞ്ഞത്. അതേസമയം അൺ എയ്ഡഡിൽ കുട്ടികളുടെ എണ്ണം കൂടി.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയത് ഇടത് സർക്കാർ വലിയ നേട്ടമായാണ് ഉയർത്തിക്കാട്ടിയിരുന്നത്. വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണ് കുട്ടികളുടെ ഒഴുക്കെന്നായിരുന്നു പ്രചാരണം. പക്ഷെ ഇപ്പോൾ പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യം കുറയുകയാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഈ വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്ക് വന്നപ്പോൾ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു. ഒന്നാം ക്ലാസിൽ സർക്കാർ സ്കൂളിലെത്തിയത് ആകെ 92,638 കുട്ടികളാണ്. കഴിഞ്ഞ വർഷം 99,566 സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്. 

എയ്ഡഡ് സ്​​കൂളിലും ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. എയ്ഡഡ് സ്​​കൂളുകള്‍ ഈ വർഷം 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പഠിച്ചത്. കഴിഞ്ഞ വർഷം ഇത് 1,58,583 ആയിരുന്നു. 235 കുട്ടികളാണ് എയ്ഡഡ് സ്​​കൂളിൽ ഇത്തവണ കുറഞ്ഞത്. ജനസംഖ്യാ നിരക്കിലെ കുറവാണ് കാരണമെന്ന് പറയാനാകില്ല. അൺ എയ്ഡഡ് സ്കൂളുകളോട്‌ പ്രിയം കൂടുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഈ വർഷം 47,862 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം 39,918 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പഠിച്ചത്. അൺ എയ്ഡഡ് സ്​​കൂളിൽ ഒന്നാം ക്ലാസിൽ 7944 കുട്ടികളാണ് വർധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്