തിരുവനന്തപുരം: 2018നേക്കാള്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്ത് ഈ വര്‍ഷം വാഹനാപകടങ്ങളില്‍പ്പെട്ട് മരിച്ചു. നവംബര്‍ വരെയുള്ള കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 177 പേര്‍ അധികം പേരുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞു. 

2018 നവംബര്‍ അവസാനിക്കുമ്പോള്‍ 3867 പേരാണ് റോഡപകടങ്ങളില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2019 നവംബറില്‍ 4044 പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ റോഡില്‍ ബലിയര്‍പ്പിച്ച ജില്ലകളുടെ പട്ടികയില്‍ തിരുവനന്തപുരമാണ് മുന്നില്‍. തലസ്ഥാനത്ത് ഈ വര്‍ഷം 501 പേര്‍ വാഹനാപടത്തില്‍ മരിച്ചു. കോല്ലം(414), തൃശൂര്‍(370), പാലക്കാട്, എറണാകുളം(365), കോഴിക്കോട്(342) എന്നിവരാണ് പട്ടികയില്‍ മുന്നില്‍. 69 പേര്‍ മാത്രം മരിച്ച വയനാടാണ് പട്ടികയില്‍ പിന്നില്‍. 

സംസ്ഥാനത്ത് മൊത്തമുണ്ടായ അപകടങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2018ല്‍ 36646 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019ല്‍ 37605 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5310 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളവും 4833 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരവുമാണ് കൂടുതല്‍ അപകടങ്ങളുണ്ടായ ജില്ല.