ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്നാരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രഹസ്യ വിചാരണ ആയതിനാൽ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

ഒരു വർഷം മുമ്പ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കൽ വിചാരണ കോടതിയിൽ ഹാജരായിരുന്നു, തുടർന്ന് കുറ്റപത്രത്തിൻറെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യം നടക്കുക. ഇരയുടെ വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യ വിചാരണയാണ് കേസിൽ നടക്കുന്നത്. അതിനാൽ കോടതി നടപടികൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുമതിയില്ല. നേരത്തെ കേസിലെ സാക്ഷി മൊഴി പുറത്തു വന്നതിനെ തുടർന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം.