ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റാണെന്നും അത്തരത്തില്‍ നോക്കിയാല്‍ ഒരാള്‍ക്ക് കുത്തിവയ്പ്പിന് അരമിനുട്ടിന് മുകളില്‍ അടുത്ത് മാത്രമേ സമയം കിട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം.
ചെങ്ങന്നൂര്‍: ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്സിൻ കൊടുത്ത നേഴ്സിനെ അഭിനന്ദിച്ചുകൊണ്ടുള്ള ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍ ശബ്ദങ്ങള്‍. ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റാണെന്നും അത്തരത്തില്‍ നോക്കിയാല്‍ ഒരാള്‍ക്ക് കുത്തിവയ്പ്പിന് അരമിനുട്ടിന് മുകളില്‍ അടുത്ത് മാത്രമേ സമയം കിട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം.
മന്ത്രിയുടെ പോസ്റ്റിന് താഴെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒരു ജൂനിയർ നേഴ്സിന് ഒരു ദിവസം 893 പേര്‍ക്ക് വാക്‌സിൻ നൽകേണ്ടി വരുന്ന ഗതികേട്, ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സിസ്റ്റത്തിന്റെ അപര്യാപ്തതയാണ് കാണിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഒരു മണിക്കൂറിൽ 100-ലധികം പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥയിൽ സങ്കടമുണ്ടെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഇത്തരം ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യരുത്. എന്ത് മാത്രം കൂടുതല്‍ ജോലിയാണ അവര്‍ ചെയ്യുന്നത് എന്നാണ് ഈ കണക്ക് കാണിക്കുന്നത്.അതിനനുസൃതമായ ശമ്പളമുണ്ടോ? ഈ ജോലിഭാരം കുറയ്ക്കാന്‍ ആവശ്യമായ ജോലിക്കാരുണ്ടോ? ഇതൊക്കെ നല്ല രീതിയില്‍ ആയാലെ സിസ്റ്റം നന്നാവൂ. ത്യാഗങ്ങളെ ആഘോഷിക്കരുത് - മന്ത്രിയുടെ പോസ്റ്റിന് താഴെ ഒരു കമന്‍റ് പറയുന്നു.
ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ ആഷാറാണി ലക്ഷ്മികുട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു -
ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ വാളിൽ കണ്ടതാണ് , അവർ ചെങ്ങന്നൂർ ആശുപത്രിയിലെ നഴ്സ് പുഷ്പലതയെ അഭിനന്ദിക്കാൻ പോയ പരിപാടിയെ പറ്റിയുള്ള പോസ്റ്റ്.
പുഷ്പലത ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്സിൻ കൊടുത്തു . അതായത് ഏതാണ്ട് 450 മിനിറ്റ് 893 പേർ, മിനിറ്റിൽ രണ്ടു പേർക്ക് വീതമെങ്കിലും വാക്സിൻ കൊടുത്തുകാണണം. ഈ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസിനെ അഭിനന്ദിക്കാനാണ് ആരോഗ്യ മന്ത്രി നേരിട്ട് പോയത്.
ഇങ്ങനെ വാക്സിൻ എടുത്ത് പോയ മനുഷ്യരുടെ അവസ്ഥയാണ് ഞാൻ ആലോചിച്ചത്. ചറപറാ കുത്തി വിടുകയായിരുന്നോ???
ഇത്രയും വലിയ മാരത്തോൺ വാക്സിനേഷൻ പുഷ്പലത ഒറ്റക്ക് എടുക്കാൻ കാരണം ജീവനക്കാരുടെ അപര്യാപ്തതയാകുമല്ലോ?
ആയിരക്കണക്കിന് നഴ്സുമാരാണ് കൊറോണ കാരണം ജോലി നഷ്ടപ്പെട്ടും, പകുതി ശമ്പളത്തിലുമൊക്കെ ജോലി ചെയ്യുന്നത്. ദിവസ വേതന അടിസ്ഥാനത്തിലെങ്കിലും ആളുകളെ എടുത്ത് ഇത്തരം മാരത്തോൺ കുത്ത് അവസാനിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യേണ്ടത്.
അവസാനം പുഷ്പലത ഒരു പാട്ട് കൂടി പാടി... 'ദെെവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ' എന്ന ഗാനം... എന്നിട്ട് കണ്ണീരണിഞ്ഞു. എങ്ങനെ ചെയ്യാതിരിക്കും. ഒരു കെെപിഴ പോലും പറ്റാതെ അത് ചെയ്യാൻ ദെെവം തന്നെ സഹായിക്കണം. പിന്നെ കുത്തു കൊള്ളാൻ വന്ന മനുഷ്യരുടെ സഹനവും.
പ്രിയപ്പെട്ട പുഷ്പലതെ..
ആ അമിത ജോലിഭാരത്തിൽ നിന്ന് എത്രയും പെട്ടന്ന് മോചനം ഉണ്ടാകട്ടെ....
അതേ സമയം വാക്‌സീന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ പുഷ്പലതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നേരിട്ടെത്തി അഭിനന്ദിച്ചു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും കൂട്ടിച്ചേർത്തു.
കൂട്ടായ പ്രവർത്തനമാണ് പിൻബലമെന്നായിരുന്നു പുഷ്പലതയുടെ പ്രതികരണം. സംഘാങ്ങളായ ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരേയും മന്ത്രി അഭിനന്ദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
