തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ നേഴ്സിംഗ് & മിഡ് വൈഫറി കമ്മീഷൻ ബിൽ പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ശക്തമായ പ്രക്ഷോഭമാരംഭിക്കാൻ വിവിധ നേഴ്സിംഗ് സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. രാജ്യത്തെ നേഴ്സിംഗ് മേഖലയിൽ ദൂരവ്യാപകമായ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ നിയമത്തിന്‍റെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന്  നേഴ്സിംഗ് സംഘടനകള്‍ ആരോപിച്ചു.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ  ദേശീയ- സംസ്ഥാന നേഴ്സിംഗ് കൗൺസിലുകൾ ഇല്ലാതാവുകയും പൂർണമായും കേന്ദ്ര സർക്കാരിന്‍റെ  നിയന്ത്രണത്തിലുള്ള  നേഴ്സിംഗ്  കമ്മീഷനുകൾ തൽസ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും ചെയ്യും. നേഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം നിർദ്ധേശിക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥകൾ ഇല്ല. വ്യാപകമായ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കും. 

കമ്മീഷൻ അംഗങ്ങളെ പൂർണമായും കേന്ദ്ര സർക്കാരാണ് നിയമിക്കുക. അംഗങ്ങളെ തെരഞ്ഞെടുക്കാൻ നേഴ്സുമാർക്ക് നിലവിൽ ലഭ്യമായിരുന്ന അവസരം നഷ്ടപെടും. സംസ്ഥാന സർക്കാരുകൾക്ക് കമ്മീഷന്‍റെ പ്രവർത്തനത്തിൽ യാതൊരു നിയന്ത്രണവും  ഉണ്ടാവില്ല. പ്രവേശന പരീക്ഷയും എക്സിറ്റ് ടെസ്റ്റുകളും കോച്ചിംഗ് സെന്‍ററുകൾ തഴച്ചു വളരാൻ ഇടയാക്കുകയും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കപെടാനും കാരണമാവും. ഇത്തരത്തിൽ നിരവധി ദ്രോഹകരമായ വ്യവസ്ഥകൾ ഉൾകൊള്ളിച്ചുകൊണ്ടാണ് പുതിയ ബിൽ തയ്യാറാക്കിയിട്ടുള്ളത് കേരള ഗവ. നേഴ്സസ് അസോസിയേഷൻ ആരോപിക്കുന്നു. 

പ്രക്ഷോഭത്തിന്‍റെ തുടക്കമെന്ന നിലയിൽ ഡിസംബർ 15ന് സംസ്ഥാനത്തെ എല്ലാ സർക്കാർ - സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പ്രതിഷേധ യോഗങ്ങൾ ചേരും . ഡിസംബർ 21 ന് ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. കേരള ഗവ. നേഴ്സസ് അസോസിയേഷൻ, കേരള നേഴ്സസ് യൂണിയൻ, ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.