Asianet News MalayalamAsianet News Malayalam

ഒടുവില്‍ നീതി! നഴ്സിങ് ഓഫീസർ അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജില്‍ തന്നെ നിയമനം, ഉത്തരവിറക്കി സര്‍ക്കാർ

അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നൽകുമെന്ന് നേരത്തെ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.വിഷയത്തില്‍ മന്ത്രിയുടെ മലക്കംമറിച്ചിലിന് പിന്നാലെയാണിപ്പോള്‍ ഉത്തരവിറങ്ങിയത്

Nursing officer pb anitha has been appointed in the Kozhikode Medical College, government issued order
Author
First Published Apr 6, 2024, 9:27 PM IST

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് നിയനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അതിജീവിതയ്ക്കൊപ്പം നിന്നതിന്‍റെ പേരിലാണ് അനിത നടപടി നേരിട്ടത്. ഡിഎംഇ ആണ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമനം ഉത്തരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം അവസാനിപ്പിക്കുമെന്നും അനിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമ നടപടി തുടരുമെന്നും തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും അനിത പറഞ്ഞു.

അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നൽകുമെന്ന് നേരത്തെ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.. അനിതയുടെ ഭാഗത്ത് മേൽനോട്ടത്തിൽ പിഴവുണ്ടായെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് എത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉന്നതതല നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് നിലപാട് മാറ്റി പറയേണ്ടി വന്നത്. വിഷയത്തില്‍ മന്ത്രിയുടെ മലക്കംമറിച്ചിലിന് പിന്നാലെയാണിപ്പോള്‍ ഉത്തരവിറങ്ങിയത്.

കേരളം ഏറ്റവും അധികം ചർച്ച ചെയ്ത ക്രൂര പീഡനവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സർക്കാറിന്‍റെയും ആരോഗ്യ മന്ത്രിയുടെയും നിലപാടിലെ പൊള്ളത്തരം 24 മണിക്കൂറിനകം പൊളിഞ്ഞു വീണത്.  ആദ്യം ഒരു നിലപാട് പറയുകയും പിന്നീട് പറഞ്ഞ നിലപാട് മണിക്കൂറുകൾക്കകം മാറ്റി പറയേണ്ടി വരികയും വന്നു. ഹൈക്കോടതി ഉത്തരവുമായി ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡി കോളേജില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ നഴ്സ് പിബി അനിതയെ നിയമനം നൽകാതെ ദിവസങ്ങളായി പുറത്തു നിർത്തിയിരിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു പത്തനംതിട്ടയിൽ വെച്ച് വെള്ളിയാഴ്ച അനിതക്കെതിരെ മന്ത്രി വീണ ജോർജ് ഗുരുതര ആരോപണം ഉന്നയിച്ചത്.

അതിജീവിതയ്ക്കൊപ്പം ആദ്യം മുതൽ നിലയുറപ്പിച്ച നഴ്സ് അനിതയുടെ ഭാഗത്ത് മേൽനോട്ടത്തിൽ പിഴവുണ്ടായി എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഡി എം ഇ യുടെ റിപ്പോർട്ടിനെ കൂട്ടുപിടിച്ചാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. എന്നാല്‍, മന്ത്രിക്കെതിരെ അതിജീവിത തന്നെ രംഗത്തെത്തി. കേസിന്‍റെ നാൾവഴികൾ വെച്ച് മന്ത്രിയുടെ ആരോപണത്തിലെ പൊള്ളത്തരം ഏഷ്യാനെറ്റ് ന്യൂസ് അടക്കം തുറന്നുകാട്ടി.

അതിജീവിതയ്ക്ക് പുനർനിയമനം നൽകുന്ന ഘട്ടത്തിൽ ഹൈക്കോടതിക്ക് മുന്നിൽ പറയാതിരുന്ന കാര്യങ്ങൾ പുതിയ ആരോപണമായി മന്ത്രിയെ ഉന്നയിച്ചതിനെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു. പുനർനിയമനം നൽകണമെന്ന് ഡിവിഷൻ ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ആരോപിച്ച് അനിത നൽകിയ കോടതിയലക്ഷ്യ ഹർജി കോടതി ഉടൻ പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രി നിലപാട് മാറ്റിയത്.

അനിതയ്ക്ക് കോഴിക്കോട്ട് തന്നെ പുനർ നിയമനം നൽകുമെന്ന് വ്യക്തമാക്കിയ മന്ത്രി നടപടികൾ എന്തുകൊണ്ട് വൈകിയെന്ന് ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ല. പുനർ നിയമനം നൽകാൻ മാർച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണെങ്കിലും തൻറെ ഓഫീസിൽ ഫയൽ എത്തിയത് ഇന്ന് മാത്രം എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംശയമുള്ളവർക്ക് വിവരാവകാശ അപേക്ഷ നൽകാമെന്നായിരുന്നു മന്ത്രിയുടെ വിചിത്രവാദം.

ലോക്സഭ തിരഞ്ഞെടുത്തിരിക്കുന്ന വിവാദം ക്ഷീണം ആകുമെന്ന് രാഷ്ട്രീയ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രിയുടെ നിലപാട് മാറ്റം.അതേസമയം ഡിഎംഇ യുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തലുകൾ റിവ്യൂ പെറ്റീഷൻ ആയിഹൈക്കോടതിക്ക് മുന്നിലെത്തിക്കും എന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതികമായി കുറെ കാര്യങ്ങൾ കോടതിക്ക് മുന്നിൽ എത്തിക്കാനുണ്ട് അതിനാണ് പുന പരിശോധന ഹർജിയെന്നാണ് മന്ത്രി വീണാ ജോര്‍ജിന്‍റെ വിശദീകരണം.

. കോഴിക്കോട് മെഡി.കോളേജിൽ പിബി അനിതയുടെ പുന‍ര്‍നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ, പുനഃപരിശോധനാ ഹർജി നൽകി

 

Follow Us:
Download App:
  • android
  • ios