Asianet News MalayalamAsianet News Malayalam

ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി വേണം, പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഉമ്മന്‍ചാണ്ടി

പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ലെന്ന് ഉമ്മന്‍ചാണ്ടി

ochira girl need justice says oommen chandy
Author
Kollam, First Published Mar 23, 2019, 11:38 AM IST

കൊല്ലം: കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. കേസില്‍ കനത്ത ജാഗ്രത വേണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. 

പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല. എത്രയും വേഗം കണ്ടെതത്തി തിരിച്ച് കൊടുക്കുകയും ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പെണ്‍കുട്ടിയെ കാണാതായി ആറ് ദിവസമായിട്ടും ഇതുവരെയും കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. പെണ്‍കുട്ടിയുമായി പ്രതി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. റോഷനും സംഘത്തിനുമെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ബംഗളുരുവിലേക്ക് റോഷനും പെണ്‍കുട്ടിയും ട്രെയിന്‍ ടിക്കറ്റെടുത്തതിന് തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയത്.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്. 

തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്. 

വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവടക്കം പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിന് മുന്നിൽ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസ സമരവും നടത്തി. സ്ഥലത്തെ സിപിഎം നേതാവിന്‍റം മകൻ ഉൾപ്പെട്ടതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 

Follow Us:
Download App:
  • android
  • ios