പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുദ്ധ്യം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഇവരുടെ മൊഴി എടുക്കും. അതേസമയം വനപലകർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റാറിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നീതി ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയും രംഗത്തെത്തി.

മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഏഴ് ഉദ്യോഗസ്ഥരിൽ നാലുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  ഇവരുടെ മൊഴികൾ വ്യത്യസ്തമാണ്. രണ്ട് ഉദ്യോഗസ്ഥരെയും താത്കാലിക ഡ്രൈവറുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി അടക്കമുള്ള രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. അതേ സമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നാവർത്തിക്കുകയാണ് കുടുംബം. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.