പത്തനംതിട്ട:  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മയിൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി ജാനകിയമ്മക്കൊപ്പമാണ് പ്രതി മയിൽ  സ്വാമി താമസിച്ചിരുന്നത്. ഇവർക്കൊപ്പം ഭൂപതിയെന്ന മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭൂപതി ബന്ധു വീട്ടിൽ പോയ സമയത്താണ് പ്രതി കൃത്യം നടത്തിയത്. രാവിലെ മയിൽ സ്വാമി തന്നെ ജാനകിയമ്മയുടെ ബന്ധുവിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയതോടെയാണ് മയിൽ സ്വാമി കതക് തുറന്നത്. കൊലപാതകം നടത്തുന്നതിന് മുന്നെ തന്നെ പ്രതി ജാനകിയമ്മയെ കൊല്ലുമെന്നും ജയിലിൽ പോകുമെന്നും കത്തെഴുതി വെച്ചിരുന്നു.

മയിൽ സ്വാമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന ഭൂപതി പറയുന്നത്. രണ്ട് വർഷം മുൻപ് ഇതിന് ചികിത്സയും തേടിയിരുന്നു. എന്നാൽ ജാനകിയമ്മയുടെ ബന്ധുക്കൾ ഇത് നിഷേധിച്ചു. ഇതുവരെ പ്രതിയുടെ ഭാഗത്ത് നിന്ന് മോശമായ പ്രവർത്തികൾ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും  സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.