ആകസ്മികം - ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാ‌ർഡ‍് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. 

ദില്ലി: 2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഓംചേരി എൻഎൻ പിള്ളയ്ക്ക്. ആകസ്മികം - ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാ‌ർഡ‍് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. 

കെ പി ശങ്കരൻ, അനിൽ വള്ളത്തോൾ, സേതുമാധവൻ എന്നീവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനായി പുസ്തകം തെരഞ്ഞെടുത്തത്. 

നാടകകൃത്തും നോവലിസ്റ്റുമായ ഓംചേരി എൻ എൻ പിള്ള ഒന്‍പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972-ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 

ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി 1924 ഫെബ്രുവരി 1-ന് വൈക്കത്തായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ലോ കോളേജിലുമായി കോളേജ് പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളെഴുതിയിരുന്ന ഓംചേരി പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 

1951-ല്‍ ആകാശവാണി മലയാളം വാര്‍ത്താവിഭാഗത്തില്‍ ഉദ്യോഗസ്ഥനായി ദില്ലിയിലെത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. 1962-ല്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. 

അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, മെക്‌സിക്കന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, വാട്ടന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ ഉന്നത പഠനം നടത്തി മടങ്ങിയെത്തിയശേഷം ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ പ്രൊഫസറായി.

ചീഫ് സെന്‍സേഴ്സ് ഓഫീസ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ഓംചേരി 1989 ഫെബ്രുവരി 1-ന് കേന്ദ്ര സര്‍വീസില്‍ നിന്നു വിരമിച്ചു. പിന്നീട് ഭാരതീയ വിദ്യാഭവനിലെത്തിയ ഓംചേരി 2019 ഡിസംബര്‍ വരെ അവിടെ ജോലി ചെയ്തു. 

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏകെജിയുടെ പ്രേരണയിലാണ് ആദ്യനാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ സി ജോര്‍ജ് , പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായര്‍ തുടങ്ങിയവരാണ്. 1963-ല്‍ പരീക്ഷണ നാടകവേദി രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്.