തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമായി. പ്രളയാന്തര അതിജീവനം പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നതിൽ ഏറെയും. നാടൻ കലാരൂപങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ കലാപ്രകടനങ്ങളും നഗരവീഥിയെ സമ്പന്നമാക്കി.

മാനവീയം വീഥിയിൽ നിന്നുമായിരുന്നു സാസ്കാരിക ഘോഷയത്രയുടെ തുടക്കം. കേരളീയ വസ്ത്രം അണിഞ്ഞ് എത്തി ഗവർണ്ണറുടെ ഫ്ലാഗ് ഓഫ്. പിന്നാലെ നാടൻ കലകളുടെയും ഒന്നിനൊന്ന് വ്യത്യസ്തമായ നിശ്ചല ദൃശ്യങ്ങളുടെയും കലാവിരുന്ന്. 

പ്രളയാനന്തര പുനർനിർമ്മാണം,പരിസ്ഥിതി സംരക്ഷണം, ഭാഷാ സ്നേഹം, ഊർജ്ജസംരക്ഷണം ആശയാവിഷ്ക്കാരങ്ങളായി സർക്കാർ,അർദ്ധസർക്കാർ ,കേന്ദ്ര സ്ഥാപനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ.

വേലകളി, പൂരക്കളി, കണ്യാർകളി, മാർഗംകളി, അലാമിക്കളി, പരുന്താട്ടം, പൊയ്ക്കാൽ, മയൂരനൃത്തം. തലസ്ഥാനവാസികൾ മുമ്പ് കണ്ടതും കാണാത്തതുമെല്ലാം അനുഭവഭേദ്യമാക്കി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള നാടൻകലാരൂപങ്ങൾ.

പത്ത് സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങളായിരുന്നു ഇത്തവണത്തെ ഹൈലൈറ്റ്. യൂണിവേഴ്സിറ്റി കൊളേജിലെ പ്രത്യേക പവലിയനിലിരുന്നാണ് മുഖ്യമന്ത്രിയും, ഗവർണ്ണറും, കേന്ദ്രടൂറിസം മന്ത്രിയുമടക്കം വിശിഷ്ട വ്യക്തികൾ ഘോഷയാത്ര കണ്ടത്.

വെള്ളയമ്പലം മുതൽ കിഴക്കെക്കോട്ട വരെ ഇരുവശത്തും ഷോഷയാത്ര കാണാനായി നിരന്നത് പതിനായിരങ്ങൾ. നിറച്ചാർത്തിന്‍റെ അഴകിൽ ദീപാലങ്കാരങ്ങളുടെ മിഴിവിൽ കലാപ്രകടനങ്ങളുടെ തികവിൽ സമ്പന്നമായ ആഘോഷങ്ങളുടെ ഏഴ് ദിനരാത്രങ്ങൾക്ക് ഒടുവിൽ സമാപനം.