തൃശ്ശൂര്‍: ഓണക്കാലത്ത് പുറത്തിറങ്ങുന്ന തൃശ്ശൂരിലെ കുമ്മാട്ടികള്‍ ഇത്തവണ അകത്ത് തന്നെയാണ്. കൊവിഡ് കാരണം കുമ്മാട്ടി ഇല്ലാതായതോടെ കുമ്മാട്ടി മുഖങ്ങള്‍ പൊടി പിടിച്ചു കിടക്കുകയാണ്. ചടങ്ങ് മാത്രം നടത്തി ആശ്വസിക്കാനാണ് വിവിധ ദേശക്കാരുടെ തീരുമാനം.

ഗണപതി, സുഗ്രീവന്‍, ബാലി, തള്ള, തുടങ്ങി കുമ്മാട്ടി മുഖങ്ങള്‍ പൊടിപിടിച്ച് കിക്കുകയാണ്. ഇത്തവണ ചായം പൂശി മിനുക്കിയില്ല. ദേഹത്ത് കെട്ടാന്‍ പര്‍പ്പടകപ്പുല്ല് എത്തിച്ചില്ല. കുമ്മാട്ടിയില്ലാത്ത ഓണത്തിന് ഉണര്‍വ്വില്ലെന്ന് ദേശക്കാ പറയുന്നു. കുമ്മാട്ടി ഇത്തവണ പ്രതീകാത്മകമായി മാത്രം നടത്തും.

ചതയം നാളിലാണ് കുമ്മാട്ടി ഇറങ്ങുന്നത്. ഓണത്തപ്പന് അകമ്പടി പോകാന്‍ ശിവന്‍ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികള്‍ എന്നാണ് സങ്കല്‍പ്പം. നാലാം ഓണത്തിന് പുലികളിക്ക് മുമ്പും കുമ്മാട്ടികള്‍ സ്വരാജ് ഗ്രൗണ്ടിലിറങ്ങാറുണ്ട്. ശരീരത്തില്‍ പര്‍പ്പടകപ്പുല്ലണിഞ്ഞ് മുഖങ്ങള്‍ വച്ചാണ് കുമ്മാട്ടികള്‍ എത്തുക. കിഴക്കുംപാട്ടുകരയിലെ വടക്കുമുറി , ചേറൂര്‍ മരുതൂര്‍ തുടങ്ങിയ ദേശങ്ങളാണ് എല്ലാ വര്‍ഷവും കുമ്മാട്ടിയുമായി എത്തുന്നത്