Asianet News MalayalamAsianet News Malayalam

ഓണം ഇളവുകൾ ഇന്ന് മുതൽ, പൊതുഗതാഗതം രാത്രി 10 മണി വരെ, അറിയേണ്ടതെല്ലാം

മദ്യവിൽപ്പനശാല രാത്രി ഏഴ് മണി വരെയാണ്, ബുക്കിംഗിന് നിയന്ത്രണമില്ല. രാവിലെ 9 മണി മുതൽ ക്യൂ നിൽക്കാം. ബാർ സമയം പക്ഷേ, നിലവിലുള്ള അതേ പോലെത്തന്നെയാണ്. അറിയേണ്ടതെല്ലാം.

onam unlock in kerala restriction eased all to know
Author
Thiruvananthapuram, First Published Aug 28, 2020, 8:12 AM IST

തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഓണക്കാലത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. പൊതുഗതാഗതത്തിനാണ് വലിയ തോതിൽ ഇളവ് സർക്കാർ നൽകുന്നത്. സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം എന്നാണ് സർക്കാർ നിർദേശം. 

കെഎസ്ആർടിസി ദീർഘദൂരസർവീസുകൾ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം നടത്തും. പ്രധാന ഡിപ്പോകളിൽ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട് എന്നതാണ് ശ്രദ്ധേയം.

മാളുകൾ ഹൈപ്പർമാർക്കറ്റുകളും ഉൾപ്പടെ വ്യാപാരശാലകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറക്കാം. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച്, ഒരേസമയം എത്ര പേരെ പ്രവേശിപ്പിക്കും എന്ന കാര്യം പുറത്ത് വലുതായി എഴുതിവയ്ക്കണം. വാങ്ങാൻ വരുന്നവർ നിശ്ചിതസമയത്തിൽ കൂടുതൽ കടയിൽ സമയം ചെലവഴിക്കരുത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പക്ഷേ, ഈ ഇളവുകളൊന്നും ബാധകമല്ല. 

ഭക്ഷണശാലകൾക്ക് അകലം ഉറപ്പാക്കി രാത്രി 9 മണി വരെ പ്രവർത്തിക്കാം. ഓണസദ്യകൾക്ക് പക്ഷേ ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളിൽ മുറി അനുവദിക്കുമ്പോൾ താമസക്കാർ ഒഴിഞ്ഞ ശേഷം മുറി അണുവിമുക്തമാക്കണം. ജീവനക്കാർ നിശ്ചിത ഇടവേളകളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ബാങ്ക്, ഇൻഷൂറൻസ് കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഉത്രാടദിവസം, അതായത് 30-ന് ഓണക്കിറ്റ് വിതരണത്തിനായി റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. കിറ്റ് കിട്ടാത്ത എഎവൈ, പിഎച്ച്എച്ച് വിഭാഗക്കാർക്ക് ഇനിയും വാങ്ങാം. തിരുവോണദിനത്തിൽ റേഷൻ കട ഉണ്ടാകില്ല.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കച്ചവടക്കാർക്ക് ഇ- ജാഗ്രത റജിസ്ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചേ കച്ചവടം നടത്താനാകൂ. കുട്ടകളെല്ലാം ഉപയോഗിച്ച ശേഷം നശിപ്പിക്കണം. കാഷ്‍ലെസ് സംവിധാനം ഉപയോഗിച്ചാൽ അത്രയും നല്ലത്.

മദ്യവിൽപ്പനയ്ക്ക് ബുക്കിംഗ് നിയന്ത്രണമില്ല

ഓണക്കാലത്ത് ബെവ്‍കോ, കൺസ്യൂമെർഫെഡ് മദ്യവിൽപ്പനശാലകളുടെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയാണ്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. എന്നാൽ ബാർ പ്രവർത്തനസമയത്തിൽ മാറ്റമില്ല. രാവിലെ 9 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കാവൂ. കള്ളുഷാപ്പുകൾക്ക് രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം.

ബവ്‍ക്യൂ ആപ്പ് വഴി ഒരിക്കൽ ബുക്ക് ചെയ്താൽ 3 ദിവസം കഴിഞ്ഞേ പിന്നീട് ബുക്ക് ചെയ്യാനാകൂ എന്ന വ്യവസ്ഥ ഇപ്പോൾ ഒഴിവാക്കിയിട്ടിണ്ട്. ബുക്ക് ചെയ്താൽ അപ്പോൾത്തന്നെ മദ്യം വാങ്ങാം. ഓരോ ചില്ലറ വിൽപ്പനശാലയിലെയും ടോക്കണുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 400-ന് പകരം ഇനി മുതൽ 600 ടോക്കണുകൾ അനുവദിക്കും.

Follow Us:
Download App:
  • android
  • ios