യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിട്ടപ്പോൾ കെ.എസ്.ആർ.ടി.സിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി.
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഒന്നാം ഇന്ദിരാ ഗ്യാരന്റിയായ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുന്നു. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൌജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി ഇതിനോടകം വൻ വിജയമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നതോടെ ലക്ഷക്കണക്കിന് സ്ത്രീകളും ഈ വിലയിരുത്തൽ ശരിവെക്കുകയാണ്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ സാധാരണക്കാരായ സ്ത്രീ യാത്രക്കാർക്ക് പ്രതിമാസം വലിയൊരു തുക ലാഭിക്കാൻ കഴിയുന്നതാണ് പദ്ധതിയുടെ സാമൂഹിക പങ്കാളിത്തം വർദ്ധിക്കാൻ കാരണം.
എന്നാൽ, പ്രിയദർശിനി പദ്ധതിയുടെ വരവോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു മാസത്തിനിടെ തങ്ങൾക്ക് 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുന്നു. വരുമാന ചോർച്ചയെ തുടർന്ന് സംസ്ഥാനത്തുടനീളം അഞ്ഞൂറിലധികം ബസുകളാണ് സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്. ഡീസൽ അടിക്കാനുള്ള പണവും തൊഴിലാളികളുടെ കൂലിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ബാക്കിയുള്ള സർവീസുകളും പ്രതിസന്ധിയിലാണെന്ന് ഉടമകൾ പരാതിപ്പെടുന്നു.
സ്വകാര്യ ബസ് മേഖലയുടെ ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗതാഗത മന്ത്രി സി. പി. ജോണിന്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു കഴിഞ്ഞു. ഈ സമിതി ആറാഴ്ചയ്ക്കകം സമർപ്പിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സ്വകാര്യ ബസുകൾക്ക് സബ്‌സിഡിയോ മറ്റ് ഇളവുകളോ നൽകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.
സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി
'പ്രിയദർശിനി' പദ്ധതി ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ 'നമസ്തേ കേരളം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല.പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങൾ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി നിലവിൽ മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത നയം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സി.പി. ജോൺ അഭിമുഖത്തിൽ വ്യക്തമാക്കി.


