മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഇദ്ദേഹത്തെ പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.