Asianet News MalayalamAsianet News Malayalam

വീണ്ടും കൊവിഡ് മരണം; കോഴിക്കോട് സ്വദേശി മരിച്ചു, സംസ്ഥാനത്ത് മരണസംഖ്യ വർധിക്കുന്നു

പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. 

one more covid death in kozhikode
Author
Kozhikode, First Published Jul 26, 2020, 8:57 PM IST

കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണിത്. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരി (80) ആണ് മരിച്ച  മറ്റൊരാള്‍. ഇന്ന് പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76) യാണ് കൊവിഡ് ബാധിച്ച് ആലപ്പുഴയില്‍ മരിച്ച മറ്റൊരാള്‍. മരണ ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മരിച്ച ഇവരുടെ ഫലെ പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശാരദയുടെ മകനും മരുമകളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവർ. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മരണസംഖ്യ 59 ആണെങ്കിലും ഇന്നത്തെ 8 മരണം കൂടിയായതോടെ 67 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. 

Follow Us:
Download App:
  • android
  • ios