കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. സിജിലേഷിന്‍റെ അവസാനത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. പക്ഷേ, കൊവിഡിന്‍റെ പ്രത്യാഘാതം മൂലം സിജിലേഷിന്‍റെ ആരോഗ്യനില വഷളായിരുന്നു. 

ബംഗളുരുവിൽ നിന്ന് കൊവിഡ് ബാധിച്ച് ജൂൺ 17-നാണ് സിജിലേഷ് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി സിജിലേഷിന്‍റെ പരിശോധനാഫലം പോസിറ്റീവായിത്തന്നെ തുടരുകയായിരുന്നു. തുടർന്ന് ആരോഗ്യനില തീർത്തും വഷളായി. കഴിഞ്ഞ ദിവസം സിജിലേഷിനെ കടുത്ത ശ്വാസതടസ്സം മൂലം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

ഏറ്റവുമൊടുവിൽ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗം ഭേദമായിരുന്നെങ്കിലും സിജിലേഷിന്‍റെ ആരോഗ്യനില തീർത്തും മോശമായി. തുടർന്ന് ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.