ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്.
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച് ഡിവൈഎഫ്ഐയും എസ് എഫ് ഐയും സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് പിടിയിലായത്. ഈ ഗ്രൂപ്പില്‍ നിന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പുറത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. സൈബര്‍ ഫോറന്‍സിക് പരിശോധനക്കിടെയുണ്ടായ സംശയത്തിലാണ് നമ്പര്‍ പിന്തുടര്‍ന്ന് ആലപ്പുഴ സ്വദേശിയിലെത്തിത്. ഗ്രൂപ്പില്‍ മറ്റ് പല അംഗങ്ങളും രഹസ്യ നമ്പരുകള്‍ ഉപയോഗിച്ചാണ് ചേര്‍ന്നിരിക്കുന്നത്. ഭാരത് മാതാ കോളേജിന് പുറത്തുള്ളവരും ഗ്രൂപ്പിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശ്രീഹരിയെ ചോദ്യം ചെയ്താല്‍ മറ്റ് പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത രീതിയും പ്രചരിപ്പിച്ച ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങളുമടക്കം ലഭിക്കാനുണ്ട്. അതിനിടെ കെ എസ് യു ഭാരവാഹി പ്രതിയായ കേസില്‍, കെ എസ് യുക്കാരെ സംരക്ഷിക്കാനായി പൊലീസ് ഉഴപ്പുകയാണെന്ന് ആരോപിച്ച് എസ് എഫ് ഐയും ഡിവൈഎഎഫ്ഐയും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
