Asianet News MalayalamAsianet News Malayalam

Sanjith Murder : സഞ്ജിത്ത് കൊലപാതകം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പിടിയിലായി.

one more person arrested in the murder case of palakkad rss worker sanjith
Author
Palakkad, First Published Feb 2, 2022, 10:38 AM IST

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ (RSS Worker Sanjith) കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്ജിത്തിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചാമനും അറസ്റ്റിലാവുന്നത്.

കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ചുള്ള കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയിലായതോടെ സഞ്ജിത്തിൻറെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പേരും പൊലീസിൻറെ വലയിലായി. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. ജാഫർ, യാസിൻ, ഇൻസ് മുഹമ്മദ് ഹഖ്, അബ്ദുൾ സലാം എന്നിവരായിരുന്നു നേരത്തെ പിടിയിലായത്. ഗൂഢാലോചനയിൽ പങ്കെടുത്തവരുൾപ്പടെ ഇനിയും ഒമ്പത് പേരാണ് പിടിയിലാവാനുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്.

ഇക്കഴിഞ്ഞ നവംബർ 15 ന് രാവിലെയാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊളിക്കാൻ നൽകിയ കാറിന്‍റെ അവശിഷ്ടങ്ങൾ പിന്നീട് തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios