കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു ഗർഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു. മറ്റൊരു പൂർണ ഗർഭിണിയുടെ പ്രസവം കൊവിഡ് വാർഡിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ തുടങ്ങി കഴിഞ്ഞു.

കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് നാലുവയസുകാരനെയും ഗർഭിണിയായ അമ്മയെയും അമ്മൂമ്മയെയും ആശുപത്രി അധികൃതർ യാത്രയാക്കിയത്. ആശുപത്രി ജീവനക്കാർക്കും ഡോക്ർമാർക്കും അഭിമാനവും സന്തോഷവും കൊണ്ട് വാക്കുകൾ ഇടറുകയായിരുന്നു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച രണ്ടാമത്തെ ഗർഭിണിയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും അസുഖം ഭേദമായി മടങ്ങുന്നത്.

കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു പൂർണ ഗർഭിണിയുടെ പ്രസവം നടത്താനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ തുടങ്ങി. പത്ത് ദിവസത്തിനകം യുവതി പ്രസവിക്കും എന്നാണ് ഡോക്ടർമാർ അറിയിച്ചത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഐസുയിവിൽ സുരക്ഷ വസ്ത്രങ്ങളൊക്കെ ധരിച്ചാകും ഡോക്ടർ പ്രസവ ശുശ്രൂഷ നടത്തുക.