നാലാമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിൽ ഉച്ചയോടെ അമോണിയം നൈട്രേറ്റ് എമൽഷൻ അടങ്ങിയ 15 കിലോ സ്ഫോടക വസ്തു നിറച്ചു. 

കൊച്ചി: മരടിലെ നാല് ഫ്ലാറ്റുകളിലും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലി പൂർത്തിയായി. ഉച്ചയ്ക്ക് 12 മണിയോടെ ഏറ്റവും ചെറിയ ഫ്ലാറ്റായ ഗോള്‍ഡൻ കായലോരത്തിലും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂർത്തിയാക്കി. സബ്‍ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. ഇനിയുള്ള ദിവസങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ പലതവണ പരിശോധിച്ച് ഉറപ്പുവരുത്തും. ശനിയാഴ്ച സ്ഫോടനം നടത്തുന്നതിന് അരമണിക്കൂർ മുമ്പ്, കൃത്യം 10.30ന് ആദ്യ സൈറണ്‍ മുഴങ്ങും. കായലും സമീപത്തെ കെട്ടിടങ്ങളും സുരക്ഷിതമായിരിക്കുമെന്ന് എഡിഫൈസ്, ജെറ്റ് ഡെമോളിഷൻ കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു. 

മൂന്ന് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് 1.7 കോടി രൂപക്കാണ് വിദേശ കമ്പനികള്‍ക്ക് കരാർ നല്‍കിയിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നതെന്നും നാട്ടുകാർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ വ്യക്തമാക്കി. സ്ഫോടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും പൊടിയും ജനങ്ങള്‍ക്ക് ദോഷം ചെയ്യില്ലെന്ന് കമ്പനികള്‍ പറയുന്നു. കായലില്‍ അവശിഷ്ടങ്ങള്‍ വീണാല്‍ ഉടൻ അവ നീക്കം ചെയ്യും. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ 45 ദിവസമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ളില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കും. അതേസമയം, ഇൻഷുറൻസ് ഉറപ്പാക്കാൻ ഫ്ലാറ്റുകള്‍ക്ക് സമീപത്തുള്ള വീടുകളുടെ വിപണി വില എത്രയും പെട്ടെന്ന് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നല്‍കിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.