തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദവും ഉറപ്പാക്കിയാണ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി നേതൃനിരയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവ്. ഉള്ളിൽ അമർശമുണ്ടെങ്കിലും ഹൈക്കമാൻഡിന്‍റെ നിലപാട് അംഗീകരിക്കുകയല്ലാതെ രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും മറ്റു വഴികളില്ല.

2016-ലെ കനത്ത തോൽവിക്ക് ശേഷം രമേശ് ചെന്നിത്തലയ്ക്ക് കടിഞ്ഞാണ്‍ കൈമാറിയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ നാലര വര്‍ഷവും സമരങ്ങളിലും പ്രതികരണങ്ങളിലുമെല്ലാം പ്രതിപക്ഷ നേതാവ് നിറഞ്ഞു നിന്നു. യുഡിഎഫിന് ഇനിയും അധികാരം കിട്ടിയാൽ   അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല എന്ന നിലക്കായി കന്‍റോണ്‍മെന്‍റ് ഹൗസിലെ കരുനീക്കങ്ങൾ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ  ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം  യുഡിഎഫിൽ ഉയർന്നു. അപ്പോഴും ചെന്നിത്തലയെ മുന്നിൽ നിർ‍ത്തി ഒഴിഞ്ഞു മാറുകയാണ് ഉമ്മൻ ചാണ്ടി ചെയ്തത്.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിക്ക് പോന്ന നേതാവിന്‍റെ അഭാവം യുഡിഎഫിൽ പ്രകടമായി. ന്യൂനപക്ഷങ്ങളെ  എൽഡിഎഫ് ആകർഷിച്ചപ്പോൾ മറുതന്ത്രം പയറ്റാനാകാതെ പതറുന്ന പ്രതിപക്ഷമായിരുന്നു മറുഭാഗത്ത്. വെൽഫയർ പാർട്ടി ധാരണയും കൈപൊള്ളി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ  ആദ്യം മുസ്ലീംലീഗും പിന്നാലെ ആർഎസ്പിയുമടക്കമുള്ള യുഡിഎഫ് കക്ഷികൾ ഉമ്മൻചാണ്ടി കടിഞ്ഞാണേറ്റെടുക്കണം എന്ന  ആവശ്യവുമായി രംഗത്തു വന്നു. 

മദ്ധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളും പരമ്പരാഗത യുഡിഎഫ് വോട്ടുകളും തിരികെ എത്തിക്കാൻ ഉമ്മൻചാണ്ടി വന്നേ പറ്റൂ എന്ന നിലയിലായി മുന്നണിയിൽ കാര്യങ്ങൾ. ഇതോടൊപ്പം നേതൃനിരയിൽ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയേ മതിയാവൂ എന്ന കര്‍ശന നിലപാട് എൻഎസ്എസ് സ്വീകരിച്ചതും ഉമ്മൻചാണ്ടിക്ക് ഗുണമായി. കേരളത്തിലെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളോട് പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കൾ ആവശ്യപ്പെട്ടതും ഉമ്മൻചാണ്ടിയുടെ മടക്കമാണ്. 

യുഡിഎഫിൻ്റെ നായകസ്ഥാനത്തേക്ക് ഹൈക്കമാൻഡ് വീണ്ടും പിടിച്ചുയര്‍ത്തുമ്പോൾ തെരഞ്ഞെടുപ്പ് സമിതിയിലെ അദ്ധ്യക്ഷ പദവി അധികാരം കിട്ടിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് മാറാനും സാദ്ധ്യതയേറെയാണ്. ആദ്യത്തെ ഒന്നോ രണ്ടോ വർഷം ഉമ്മൻചാണ്ടിക്കും തുടർന്നുള്ള കാലം രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി പദവി എന്ന ധാരണയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.അതേസമയം നാല് വർഷം പണിയെടുത്തിട്ടും തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിൽ പുതിയ നായകൻ വരുന്നതിൽ രമേശ് ചെന്നിത്തലക്ക് അതൃപ്തിയും അമർശവുമുണ്ട്.

ദുർബലമായ ഐ ഗ്രൂപ്പ് സംവിധാനങ്ങളും ഹൈക്കമാൻഡ് വടിയെടുത്തതും കാരണം ഈ തീരുമാനം അംഗീകരിക്കാതെ രമേശ് ചെന്നിത്തലക്കും മറ്റ് വഴിയില്ല. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന വി.എം.സുധീരൻ ,കെ.മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനും പുതിയ സമിതി രൂപീകരണത്തിലൂടെ ഹൈക്കമാൻഡിന് കഴിഞ്ഞിട്ടുണ്ട്. കെ.മുരളീധരനും കെ.സുധാകരനും ഒപ്പം ഉമ്മൻ ചാണ്ടി നയിക്കുന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തിയേക്കും എന്നാണ് ദില്ലിയിൽ നിന്നുള്ള സൂചനകൾ.