Asianet News MalayalamAsianet News Malayalam

അഴിമതികൾ പുറത്തുകൊണ്ടുവന്നതിനാൽ രമേശ് ചെന്നിത്തലയോട് സിപിഎമ്മിന് പക: ഉമ്മൻ ചാണ്ടി

വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

oommen chandy against kodiyeri and cpm
Author
Thiruvananthapuram, First Published Jul 25, 2020, 4:42 PM IST

തിരുവനന്തപുരം: അഴിമതിയിലും സ്വര്‍ണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ആര്‍എസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന യാഥാര്‍ത്ഥ്യം കോടിയേരി മറക്കരുത്. സമീപകാലത്ത് സ്പ്രിംഗ്‌ളര്‍, ബെവ്‌കോ, ഇ മൊബിലിറ്റി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങള്‍ക്കു മനസിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞത്...

ഇടത് പക്ഷത്തിനെതിരെം കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് ആക്രമണം അഴിച്ച് വിടുകയാണ് കോൺഗ്രസും ബിജെപിയും. മറ്റ് പലയിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ ശത്രുതയിലാണ്. പല സംസ്ഥാനങ്ങളിലും ബിജെപി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. അങ്ങനെയുള്ള കോൺഗ്രസും ബിജെപിയും ഇപ്പോൾ ഇവിടെ ഒരേ മനസോടെ പ്രവർത്തിക്കുകയാണ്.  രാവിലെ ബിജെപി അധ്യക്ഷൻ നടത്തുന്ന പത്ര സമ്മേളനത്തിലെ ആരോപണങ്ങൾ ചെന്നിത്തല ഉച്ചക്ക് അത് ഏറ്റുപറയുന്നു. എൽഡിഎഫ് സർക്കാരിനെതിരായ രണ്ട് കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു. സംഘടിതമായ നുണപ്രചരണം നടത്തുന്നു. 

ഹിറ്റ്ലർ ഗീബൽസിനെ ഉപയോഗിച്ച് നടത്തി.യ പ്രചരണ തന്ത്രം എല്ലാവർക്കുമറിയാം. ഒരു നുണ ആയിരം തവണ ആവർതത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു തന്ത്രം. ബിജെപിയും കോൺഗ്രസും ചെയ്യുന്നത് ആയിരം നുണകൾ ഒരേ സമയം പ്രചരിപ്പിക്കുകയെന്നതാണ്. കേരളത്തിലെ ആർ എസ് എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയിരിക്കുകയാണ്. ആർഎസ്എസിന്‍റെ ഉദ്ദേശം യുഡിഎഫ് മേധാവിത്വത്തിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ഒരാൾ വരണമെന്നാണ്. ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തലയ്ക്ക് ചെയ്ത് കൊടുക്കുന്നത്. 

വിവാദങ്ങൾ ധാരാളം ഉണ്ടാക്കാൻ പ്രതിപക്ഷ ശ്രമിക്കുന്നുണ്ടെങ്കിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം, സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം. പ്രതിപക്ഷമുയർത്തിയ പ്രശ്നങ്ങളെല്ലാം അവർക്ക് തന്നെ തിരിച്ചടിയാവും. 

Follow Us:
Download App:
  • android
  • ios