Asianet News MalayalamAsianet News Malayalam

കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന് കുറ്റകരമായ വീഴ്ച: വിധി പുന:പരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

oommen chandy criticize central government on enrica lexie case verdict
Author
Kottayam, First Published Jul 3, 2020, 4:59 PM IST

കോട്ടയം: രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നകേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലയാളികളായ നാവികരെ എല്ലാ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യുഎന്‍സിഎല്‍ഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

നേരത്തെ കൊലക്കേസ് ഒഴിവാക്കാന്‍  യുപിഎ, യുഡിഎഫ് സര്‍ക്കാരുകളില്‍  വന്‍സമ്മര്‍ദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോകുകയായിരുന്നു.  പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചു. 

കടല്‍ക്കൊല കേസില്‍ എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസ് എടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്നെടുത്ത നടപടിക്ക് ലഭിച്ച പൂര്‍ണ അംഗീകാരം ആയിരുന്നു. ഇന്ത്യയില്‍ തന്നെ കേസ് നടത്തുവാനും പ്രതികള്‍ നേരിട്ടു ഹാജരാകാനുമുള്ള വിധി ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഒരു സമ്മര്‍ദവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ  സ്വാധീനിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

നാവികര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചോദ്യം ചെയ്തുകൊണ്ട് ഇറ്റാലിയന്‍ സര്‍ക്കാരും പ്രതികളും ചേര്‍ന്ന് കേരള ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും വന്‍ തിരിച്ചടിയാണ് ഇറ്റലിക്ക് ഉണ്ടായത്. യുപിഎ സര്‍ക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിയത്.

Follow Us:
Download App:
  • android
  • ios