തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും അദ്ദേഹം തള്ളുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല അർഹനാണ്. പക്ഷേ, അന്തിമതീരുമാനം കോൺ​ഗ്രസ് കേന്ദ്രനേതൃത്വത്തിന്റേതായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ‌‍ ചാണ്ടി ഇക്കാര്യം അറിയിച്ചത്. എഐസിസി നേതൃത്വത്തിനെതിരെ നേതാക്കൾ കത്തയച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

പാർട്ടി നേതൃത്വത്തിന് കത്തയച്ചതിൽ ഒരു തെറ്റുമില്ല. കത്ത് പുറത്തുവന്നതാണ് മാത്രമാണ് ഇതിനകത്തെ കുഴപ്പം. പാർട്ടി തനിക്ക് നൽകിയിട്ടുള്ള അം​ഗീകാരവും ജനങ്ങൾ നൽകിയിട്ടുള്ള സ്നേഹവും അർഹിക്കുന്നതിലും അപ്പുറമാണ്. താൻ പൂർണ്ണ സംതൃപ്തനാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. അക്കാര്യത്തിൽ താൻ പ്രത്യേകം അഭിനന്ദിക്കുന്നു. താൻ പ്രതിപക്ഷനേതാവായി ഇരുന്നപ്പോഴും പോരാ എന്ന തരത്തിലുള്ള അഭിപ്രായം കേട്ടിട്ടുണ്ട്. എല്ലാവരും താരതമ്യപ്പെടുത്തുന്നത് ഇടതുമുന്നണിയുമായിട്ടാണ്. അവർ ചെയ്യുന്നത് യുഡിഎഫിന് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് പരിമിതികളുണ്ട്. ആ പരിമിതികൾ ഉള്ളതുകൊണ്ടാണ് വിമർശനം വരുന്നത്.