Asianet News MalayalamAsianet News Malayalam

'ഓപ്പറേഷൻ ബോൾട്ട് സിറ്റി', തലസ്ഥാനത്തെ ലഹരിയുടെ അധോലോകം തകർക്കാനുറച്ച് പൊലീസ്

സംശയാസ്പദമായ നിലയില്‍ കണ്ടെത്തുന്നവരെ തുടര്‍ച്ചയായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ കാപ്പ ചുമത്തുന്നതടക്കമുള്ളതാണ് 'ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി'.

operation bolt city to end drug mafia in thiruvananthapuram
Author
Thiruvananthapuram, First Published Mar 15, 2019, 7:33 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ഗുണ്ടാ - ലഹരി മാഫിയക്ക് കുരുക്കിടാൻ പൊലീസിന്‍റെ വിശാല കര്‍മ്മ പദ്ധതി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് 'ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

സംശയാസ്പദമായ നിലയില്‍ കണ്ടെത്തുന്നവരെ തുടര്‍ച്ചയായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ കാപ്പ ചുമത്തുന്നതടക്കമുള്ളതാണ് ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റി. ഇതുവരെ നഗരത്തിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങള്‍ വിശകലനം ചെയ്ത് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയുകയും പട്ടികപ്പെടുത്തുകയുമാണ് ആദ്യഘട്ടങ്ങള്‍. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തിരിച്ചറിഞ്ഞവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അവരുമായി സഹകരിക്കുന്നവര്‍ എന്നിവരെ കണ്ടെത്തുന്നു.

Read More:  ലഹരി നുരയുന്ന തിരുവനന്തപുരം; കൊലപാതകങ്ങൾ തുടർക്കഥ; ആഴ്ചയിൽ നടക്കുന്നത് ഒരു കൊലപാതകം!

തുടര്‍ന്ന് ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആവശ്യമെന്ന് കണ്ടെത്തിയാല്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും തുടര്‍ന്ന് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും കാപ്പാ അടക്കമുള്ള നിയമങ്ങള്‍ ചുമത്തുകയും ചെയ്യുന്നു. തലസ്ഥാനം പൂര്‍ണ്ണമായും ലഹരി വിമുക്തമാകുന്നതുവരെ ഇത് തുടരുമെന്ന് പൊലീസ് .   operation bolt city to end drug mafia in thiruvananthapuram 

എന്‍ഡിപിഎസ് (Narcotic Drugs and Psychotropic Substances Act) കേസുകളില്‍ പ്രതികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. നേരത്തേ പ്രതികളായവരെ നിരീക്ഷിക്കുന്നു. ഇതിന് പുറമെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിനെ അറിയിക്കാന്‍ സിപി വിജില്‍ എന്ന പേരില്‍ വാട്സ്ആപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  9497975000 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. 

ഇതിന് പുറമെ കുട്ടികളില്‍നിന്ന് തുടങ്ങിയുള്ള ബോധവല്‍ക്കരണ പദ്ധതികളും ഓപ്പറേഷന്‍ ബോള്‍ട്ടിന്‍റെ ഭാഗമായി സിറ്റി പൊലീസ് ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയകളിലൂടെയും സ്കൂളുകളിലൂടെയും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

operation bolt city to end drug mafia in thiruvananthapuram

ലഹരിക്ക് അടിമപ്പെട്ടവരെ അതില്‍നിന്ന് മുക്തരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ലഹരിവിമുക്തകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ വിശാലമായ പദ്ധതിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ തുടച്ചു നീക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്നത്. 

ഉത്തരേന്ത്യയിൽ നിന്ന് കേൾക്കുന്നതിന് സമാനമായി ആളെ തട്ടിക്കൊണ്ട് പോകൽ, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തൽ - ഞെട്ടിക്കുന്ന അക്രമപരമ്പരകളാണ് തിരുവനന്തപുരത്ത് നിന്ന് തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്നത്. ലഹരി മാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനമെന്നതിന് തെളിവാണ് തുടർച്ചയായ കൊലപാതകങ്ങൾ. മൂന്നാഴ്ചക്കിടെ ലഹരി സംഘം അതിക്രൂരമായി കൊന്നത് മൂന്ന് യുവാക്കളെയാണ്.

Follow Us:
Download App:
  • android
  • ios