ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പ് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖോര്‍ റെയ്ഡിൽ നടൻ അമിത് ചക്കാലക്കലിന്‍റെ ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: തന്‍റെ എംപി രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തുന്നുവെന്നും ഇനി നേരിട്ട് ചെന്ന് മൊഴി നൽകണമെന്നും സിനിമ നടൻ അമിത് ചക്കാലക്കൽ. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പരിശോധന നടന്നത്. പരിശോധനയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ചക്കാലക്കൽ. തന്‍റെ മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസറും വര്‍ക്ക് ഷോപ്പിൽ പണിയാൻ കൊണ്ടുവന്ന കേരള രജിസ്ട്രേഷനിലുള്ള ലകസ്സ് കാറുമാണ് കസ്റ്റംസ് കൊണ്ടുപോയതെന്ന് അമിത് ചക്കാലക്കൽ പറഞ്ഞു. 

രാജ്യത്ത് എല്ലായിടത്തും എന്നും യാത്ര ചെയ്യുന്ന ആളാണ് താൻ. കേരള രജിസ്ട്രേഷൻ മറ്റു സംസ്ഥാനങ്ങളിൽ കണ്ടാൽ പ്രശ്നമാണെന്നും അതുകൊണ്ടാണ് തന്‍റെ ലാന്‍ഡ് ക്രൂയിസര്‍ എംപി രജിസ്ട്രേഷനിൽ നിന്ന് മാറ്റാത്തതെന്നും അമിത് പറഞ്ഞു. തനിക്ക് സ്വന്തമായി വര്‍ക്ക് ഷോപ്പ് ഉണ്ട്. അവിടെ പണിയാൻ കൊണ്ടുവന്ന മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ലക്സസ് കാറും അവര്‍ കൊണ്ടുപോവുകയായിരുന്നു. കാര്‍ കണ്ടപ്പോള്‍ സംശയം തോന്നിയതുകൊണ്ടാണ് കൊണ്ടുപോയത്.അഞ്ചു വർഷമായി തന്‍റെ കൈയിലുള്ള 99 മോഡൽ 105 ലാൻഡ് ക്രൂയിസറാണ്. എംപി രജിസ്ട്രേഷനിലുള്ള വാഹനം ഗോവ സ്വദേശിയിൽ നിന്ന് വാങ്ങിയതാണ്. കാറിന്‍റെ ആദ്യ ഉടമ റഷ്യൻ എംബസിയാണെന്നും അമിത് പറഞ്ഞു. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് കൊച്ചിയിലെ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പരിശോധന നടന്നത്.

അമിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു. തുടര്‍ന്ന് അമിത ചക്കാലക്കലിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസലേറ്റിന്‍റെയും പേരിൽ വ്യാജമായി മുമ്പ് രജിസ്റ്റർ വാഹനങ്ങളാണ് അമിത് ചക്കലാക്കലിന്‍റെ കൈവശമുണ്ടായിരുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. അഞ്ച് വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്‍റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്‍റെ നിസാൻ പെട്രോൾ കാർ, പൃഥ്വിരാജിന്‍റെ ലാൻഡ് റോവർ ഡിഫൻഡർ അടക്കമുള്ള കാറുകളാണ് അന്വേഷണ പരിധിയിലുള്ളത്. ദുൽഖറിന്‍റെ ഇപ്പോഴത്തെ വീട്ടിലും പഴയ കാറുകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാരേജുള്ള പഴയ വീട്ടിലും പരിശോധന നടക്കുന്നു. എന്നാൽ, പൃഥ്വിരാജിന്‍റെ അന്വേഷണ പരിധിയിലുള്ള കാർ അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലുമില്ല. വാഹനം എവിടെ എന്ന് വ്യക്തമല്ല. ഇതിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു വാഹനം കസ്റ്റംസിന്‍റെ കരിപ്പൂരിലെ യാര്‍ഡിലേക്ക് മാറ്റി. കേരള രജിസ്ട്രേഷനിലുള്ള എസ്‍യുവി വാഹനമാണ് യാര്‍ഡിലേക്ക് മാറ്റിയത്. 

ഇന്ത്യയിലെത്തിച്ചത് 150ലധികം വാഹനങ്ങള്‍ 

ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് രാജ്യ വ്യാപക പരിശോധന നടക്കുന്നത്. സിനിമ താരങ്ങൾക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും നടത്തിയ പരിശോധനയിൽ ഇതുവരെ 20 ലേറെ വാഹനങ്ങൾ പിടിച്ചെടുത്തു. ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥറും ഭൂട്ടാനിൽ നിന്നുള്ള വാഹനം ഇറക്കുമതി ചെയ്തുവരുടെ പട്ടികയിലുണ്ട്. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 20ലധികം സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ അടക്കം 150 ൽ അധികം എസ്‍യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്.

YouTube video player