നിരവധി നിസാറുമാരും നസീറുമാരും ഇനിയും ഉണ്ട്, ആത്മഹത്യകൾ സങ്കടങ്ങളാണ് ആ അമ്മ ഇനിയെങ്ങനെ ബാക്കി കാലം ജീവിച്ചു തീർക്കും ? ഈ സർക്കാർ അത്തരത്തിൽ പ്രതിസന്ധിയിലായ ആളുകൾക്ക് ഒപ്പം നിൽക്കുന്നില്ല. ഇത് കണ്ണും കാതുമില്ലാത്ത സർക്കാരാണ്. സതീശൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനം ആത്മഹത്യ മുനമ്പിലെന്ന് പ്രതിപക്ഷം. അശാസ്ത്രീയ അടച്ചിടലാണ് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. കോട്ടയത്ത് ഇരട്ട സഹോദരന്മാരുടെ ആത്മഹത്യ ബാങ്കിൻറെ ജപ്തി ഭീഷണി കാരണമാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർഫാസി നിയമപ്രകാരം നോട്ടീസ് നൽകിയെങ്കിലും ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചില്ലെന്ന് സഹകരണ മന്ത്രിയുടെ മറുപടി. മരണത്തിൽ ബാങ്കിൻറെ പങ്ക് അന്വേഷിക്കുമെന്നും വാസവൻ പറഞ്ഞു.

കോട്ടയം കടുവാക്കുളത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ബാങ്കിന്റെ ജപ്തി ഭീഷണി മൂലമുള്ള ആത്മഹത്യ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. 

ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി വിഎൻ വാസൻ മരണ കാരണം എന്താണെന്ന് പരിശോധിച്ച് വരികയാണെന്ന് സഭയെ അറിയിച്ചു. അർബൻ സഹകരണ ബാങ്കിൽ നിന്ന് 13 ലക്ഷമാണ് വായ്പ എടുത്തത്, മരണത്തിന് രണ്ട് ദിവസം മുമ്പ് ബാങ്ക് മാനേജർ ഇവരോട് സംസാരിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് ബാങ്ക് നോട്ടീസ് നൽകിയതെന്നും ബാങ്ക് നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. 

പാവങ്ങളെ കുരുക്കിലാക്കിയത് ബാങ്ക് ആണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അഞ്ച് ലക്ഷം രൂപ പലിശയായി വന്നുവെന്നും. നാലര സെൻ്റ് ഭൂമിക്ക് മതിപ്പ് വിലയെക്കാൾ കൂടുതൽ തുക നൽകിയെന്നും തിരുവഞ്ചൂർ ആരോപിച്ചു. എങ്ങനെ 19 ലക്ഷം രൂപ ഇവർക്ക് നൽകി? തിരിച്ചടക്കാൻ കഴിവുണ്ടോ എന്ന് പരിശോധിച്ചില്ല, ഭൂമി വില വർദ്ധിപ്പിച്ച് കാട്ടിയ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. തിരുവഞ്ചൂർ സഭയിൽ കുറ്റപ്പെടുത്തി. 

എന്നാൽ ആരോപണങ്ങൾ മന്ത്രി വാസവൻ നിഷേധിച്ചു. സർഫാസി നിയമം അനുസരിച്ച് തുക തിരിച്ച് പിടിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞ മന്ത്രി കെട്ടിടവും സ്ഥലവും ചേർത്താണ് 13 ലക്ഷം കടം നൽകിയതെന്നും വിശദീകരിച്ചു. 

സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയത്. പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകൾ എത്തിയിരിക്കുകയാണെന്നും ഇവ അടിയന്തിരമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇരട്ട സഹോദരങ്ങളുടെ അമ്മയുടെ വേദന എങ്ങനെ മാറ്റുമെന്ന് ചോദിച്ച സതീശൻ തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിന് ഇക്കാര്യങ്ങളിൽ പൂർണ വിമുഖതയാണെന്ന് കുറ്റപ്പെടുത്തി. 

നിരവധി നിസാറുമാരും നസീറുമാരും ഇനിയും ഉണ്ട്, ആത്മഹത്യകൾ സങ്കടങ്ങളാണ് ആ അമ്മ ഇനിയെങ്ങനെ ബാക്കി കാലം ജീവിച്ചു തീർക്കും ? ഈ സർക്കാർ അത്തരത്തിൽ പ്രതിസന്ധിയിലായ ആളുകൾക്ക് ഒപ്പം നിൽക്കുന്നില്ല. ഇത് കണ്ണും കാതുമില്ലാത്ത സർക്കാരാണ്. സതീശൻ കുറ്റപ്പെടുത്തി. 

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം. 

കൊവിഡ് കാലത്തിന് മുമ്പ് തന്നെ വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയെന്നാണ് ബാങ്കിന്‍റെ നിലപാട്. ഒരു തവണ മാത്രമാണ് തവണ അടച്ചതെന്നും ജപ്തി നടപടികളിലേക്ക് പോയിട്ടില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona