പത്തനംതിട്ട: മന്ത്രി കെ ടി ജലീലിനെതിരായ എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. മാർക്ക് ദാന കുംഭകോണത്തിൽ ഒരു ആരോപണത്തിനും ജലീലിന് മറുപടി ഇല്ലാത്ത സാഹചര്യത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് ഇനിയും രക്ഷപ്പെടാനാകില്ല. മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉന്നത നിലവാരം പ്രതീക്ഷിക്കുന്നുവെന്ന് പരിഹസിച്ച രമേശ് ചെന്നിത്തല ജലീൽ ഇപ്പോൾ ഉള്ളത് കള്ളം കണ്ട് പിടിച്ചതിന്റെ പരിഭ്രമം ആണെന്നും വ്യക്തമാക്കി.അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുകയാണ് ജലീലെന്നും ചെന്നിത്തല പരിഹസിച്ചു.

മാർക്ക്ദാനവിവാദത്തിലെ തന്റെ ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാൻ ഇന്നും കെ ടി ജലീലിനെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗം എന്ന് കുറ്റപ്പെടുത്തി. മൂല്യനിർണയ ക്യാമ്പുകളിൽ എങ്ങനെ ആണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെടൽ?  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ആകുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് പ്രതിപക്ഷ നേതാവ് വിളിക്കുന്നതെന്ന കെ ടി ജലീലിന്റെ വിശദീകരണത്തിനും ചെന്നിത്തല മറുപടി നൽകി. താൻ മോഡറേഷന് എതിരല്ല, മറിച്ച് മാർക്ക് കുംഭകോണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്ത് വരുന്നത് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

മാർക്ക് ദാന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെയും ചെന്നിത്തല വിമർശനങ്ങളുയർത്തി. വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തിൽ രാജി വച്ചുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം കടുപ്പിക്കുന്നത്. എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിന് പിന്നാലെ മാർക്ക് തട്ടിപ്പിനും നീക്കം നടന്നതായുള്ള വിവരങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. എംകോം പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള ഉത്തരക്കടലാസുകൾ ഫോൾസ് നമ്പറുകൾ സഹിതം സിൻഡിക്കേറ്റ് അം​ഗത്തിന് നൽകാൻ വൈസ് ചാൻസിലർ അയച്ച കത്തിന്റെ പകർപ്പാണ് പുറത്തു വന്നത്. 

കേരള സ‍‌‌ർവകലാശാലയ്ക്ക് കീഴിലെ കോളേജ് മാറ്റത്തിലും മന്ത്രി കെ ടി ജലീലിന്റെ ചട്ടവിരുദ്ധ ഇടപെടൽ ഉണ്ടായ വാ‌ർത്തകളും ഇന്ന് പുറത്തു വന്നു. വിദ്യാർത്ഥിനിയെ ചേർത്തല എൻഎസ്എസ് കോളേജിൽ നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലേക്ക് മാറ്റി സർക്കാർ ഇറക്കിയ  ഉത്തരവിന്റെ വിവരങ്ങളാണ് ഇന്ന് പുറത്തു വന്നത്.