ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്നും നീതിപ്പൂര്‍വമായ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്നും നീതിപ്പൂര്‍വമായ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി. സ്വര്‍ണ്ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മിൽ ലിങ്ക് ഉണ്ടെന്നും വിഡി സതീശൻ പറഞ്ഞു.2024ൽ ശബരിമലയിൽ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേൽ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവെക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്ഐടിയിൽ അവിശ്വാസമില്ല.
സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്ഐടിക്ക് മേൽ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.നിയമസഭാ തെരഞ്ഞെടുപ്പിൽ 47ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. സിപിഎമ്മിനെ തോൽപ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കിൽ പരാഡി ഗാനം നിരോധിച്ചതുപോലെ നിരോധിക്കുമായിരുന്നുവെന്നും വിഡി സതീശൻ പരിഹസിച്ചു.
ഹൈക്കോടതി വിധി സർക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് എത്തിയിട്ടില്ല. അന്വേഷണസംഘത്തെ സർക്കാർ നിയന്ത്രിക്കുകയാണ്. കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. ഹൈക്കോടതി നിരീക്ഷണം അങ്ങേയറ്റം ഗൗരവകരമാണ്. കോടതി മാത്രമാണ് ആശ്വാസം. അന്വേഷണ സംഘത്തിന്‍റെ കൈകൾ കെട്ടിയിരിക്കുകയാണ്. അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. അന്വേഷണം സർക്കാർ നിയന്ത്രണത്തിൽ പോകുന്നത് ശരിയല്ല. കോടതി ഉദ്ദേശിച്ച ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ല. സിപിഎം നേതാക്കളായ പ്രതികളെ പാർട്ടി കവചം ഒരുക്കി സംരക്ഷിക്കുകയാണെന്നും സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒയ്ക്ക് മുകളിൽ ആളുകളുണ്ടെന്നും അവരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരി ഗോവര്‍ധനുമാണ് ഏറ്റവും ഒടുവിലായി അറസ്റ്റിലായത്. ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്. ശിൽപ്പങ്ങളിൽ നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായക അറസ്റ്റാണ് എസ്ഐടി നടത്തിയിരിക്കുന്നത്.



