ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു. അതേ സമയം പരിപാടിയിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം: പ്രതിപക്ഷ വിമർശനങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങളിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് സർക്കാർ. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് കമ്മീഷനിംഗ് എന്നും ആഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ട് ക്ഷണിച്ചില്ലെന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ ആദ്യ വിശീദകരണം. വിവാദമായതിന് പിന്നാലെ ഇന്നലത്തെ തീയതി വെച്ച് ഇന്നുച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിച്ചു.
കാത്തിരിക്കുന്ന സ്വപ്നപദ്ധതിയുടെ കമ്മീഷനെ ചൊല്ലിയാണ് പുതിയ വിവാദവും പ്രതിഷേധവും. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം. വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതാണ് കാരണമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ രാവിലത്തെ വിശദീകരണം. കോൺഗ്രസ് ശക്തമായി വിമർശിച്ചതോടെ സർക്കാർ വെട്ടിലായി
വിവാദം മുറുകിയതോടെ ഒരുമണിക്ക് കൻറോൺമെൻറ് ഹൗസിൽ തുറമുഖമന്ത്രിയുടെ ക്ഷണക്കത്ത് എത്തി. കത്തിൽ ഉള്ളത് ഇന്നലത്തെ തീയതിയാണ്. കമ്മീഷൻ ചടങ്ങിൽ പ്രതിപക്ഷനേതാവിന്‍റെ റോൾ എന്തായിരിക്കുമെന്ന് പറയുന്നില്ല. ഡയസിൽ ഇരിപ്പിടം ഉണ്ടാകുമോ എന്ന് വ്യക്തമല്ല, ഇനി വിഡി സതീശൻ പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല. 2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.

