വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ സംഭാവന വലുതാണെന്നും സതീശൻ

തിരുവനന്തപുരം: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയത ഉള്ള കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാൻ കഴിയില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാൻ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമസ്ത പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ മാറ്റം വലുതാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സമസ്ത ചരിത്രം - കോഫി ടേബിൾ ബുക്കിന്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാമർശം. ചിലർ മലപ്പുറത്തെ കുറിച്ചും മലബാറിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ അതിലൊന്നും താൻ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സമസ്തയെ വാഴ്ത്തിയാണ് പ്രസംഗിച്ചത്. സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്നും സമസ്ത അങ്ങനെയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു. വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്തയിൽ ഉണ്ട്. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്തക്ക് കഴിയണം. വിദ്യാഭ്യാസമേഖലയിൽ സമസ്തയുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയതക്ക് കഴിയില്ല. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും എതിരായ അതിക്രമമാണതെന്നും മുഖ്യമന്ത്രി വിവരിച്ചു. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും സർക്കാരിൽ നിന്ന് ഒറു ദുരനുഭവവും സമസ്തക്ക് ഉണ്ടായിട്ടില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിയിരിക്കുന്ന വേദിയിൽ സ്കൂൾ സമയമാറ്റത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശനം ഉന്നയിച്ചത് ശ്രദ്ധേയമായി. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനവും സമസ്ത മുഖ്യമന്ത്രിക്ക് നൽകി. സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ലെന്നും ജിഫ്രി തങ്ങൾ പ്രസംഗത്തിൽ ചൂണ്ടികാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വർഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.