'വിജയത്തിൻ്റെ ഫുൾക്രെഡിറ്റ് എനിക്ക് നൽകുമെന്ന് സുധാകരൻ, പറ്റില്ലെന്ന് ഞാനും;വാർത്താസമ്മേളനത്തിലെ തർക്കം സത്യം'
പ്രചരിക്കുന്ന വീഡിയോ സത്യം തന്നെയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണെന്നും വിഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ തർക്കമുണ്ടായത് സത്യമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രചരിക്കുന്ന വീഡിയോ സത്യം തന്നെയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണെന്നും വിഡി സതീശൻ പറഞ്ഞു.
'വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു'. അത് വേണ്ടന്ന് താൻ നിർദേശിച്ചു. എന്നാൽ അത് പറയുമെന്ന് സുധാകരൻ വാശി പിടിച്ചു. അത് തടയാനാണ് താൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. എന്നിട്ടും സുധാകരൻ പറഞ്ഞു. -സതീശൻ പറഞ്ഞു. കൂടുതൽ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്‌നം ഉണ്ടായിരുന്നതിനാലാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്ന് ചൊല്ലിയുള്ള സതീശന്റേയും സുധാകരന്റേയും തർക്ക വീഡിയോ പുറത്ത് വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. ഈ മാസം എട്ടിനായിരുന്നു പുതുപ്പള്ളിയിലെ വോട്ടെണ്ണൽ.
'ആരാദ്യം തുടങ്ങും'; പുതുപ്പള്ളി വിജയത്തിൽ കല്ലുകടിയായി സതീശനും സുധാകരനും തമ്മിലുള്ള തർക്ക വീഡിയോ
ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താ സമ്മേളനത്തിലുടനീളം സതീശൻ സംസാരിക്കാനും തയ്യാറായില്ല. വാർത്താ സമ്മേളനം തുടങ്ങുന്നതിന് മുമ്പുള്ള രണ്ടുപേരുടേയും ഈ തർക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി പേർ വീഡിയോക്ക് ട്രോളുമായി എത്തിയപ്പോൾ കോൺഗ്രസിന് വിമർശനവുമായും ആളുകൾ രംഗത്തെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന്റെ ഒറ്റക്കെട്ടായി നിന്ന പോരാട്ടത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു വീഡിയോ പുറത്തുവരുന്നത്.
https://www.youtube.com/watch?v=wmOMGCSG8jk
https://www.youtube.com/watch?v=Ko18SgceYX8