തിരുവനന്തപുരം:  ഗവർണ്ണറെ നീക്കം ചെയ്യാനുള്ള നോട്ടീസ് അംഗീകരിച്ചില്ലെങ്കിൽ സർക്കാറിനും ഗവർണ്ണർക്കുമെതിരായ നീക്കം കടുപ്പിക്കാൻ പ്രതിപക്ഷം. ചെന്നിത്തലയുടെ നോട്ടീസിനെ സർക്കാർ തള്ളുമ്പോൾ നോട്ടീസിൽ പിശകില്ലെന്നാണ് സ്പീക്കറുടെ നിലപാട്.  നാളെത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശങ്ങളിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കുമെന്നതിൽ അപ്പോഴും ആകാംക്ഷ തുടരുന്നു.

ഇനി എല്ലാ കണ്ണുകളും നിയമസഭയിലേക്കാണ്. പൗരത്വ പ്രശ്നത്തിൽ ഗവർണ്ണർ-സർക്കാർ-പ്രതിപക്ഷ ഭിന്നത അസാധാരണനിലയിൽ തുടരുമ്പോഴാണ് സഭ ചേരുന്നത്. ഗവർണ്ണറെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാട് സർക്കാർ തുടരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ എതിർപ്പ് ഗവ‍ർണ്ണർ ആവശ്യപ്പെട്ടിട്ടും നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാനില്ലെന്ന്  വ്യക്തമാക്കിക്കഴിഞ്ഞു. 

പക്ഷേ അതിനപ്പുറം സഭക്കുള്ളിൽ പ്രതിഷേധങ്ങളിലേക്ക് പോകേണ്ടെന്നാണ് ഭരണപക്ഷത്തിന്‍റെ നിലവിലെ ആലോചന. ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ചെന്നിത്തലയുടെ നോട്ടീസിന് സർക്കാർ കൈകൊടുക്കാത്തത്. പക്ഷേ പ്രതിപക്ഷനേതാവ് നല്‍കിയ നോട്ടീസ് നിലനില്‍ക്കുമെന്ന സ്പീക്കറുടെ നിലപാട് കാര്യങ്ങള്‍ കൂടുതല്‍ കൗതുകകരമാക്കുന്നു. 

വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി ചെന്നിത്തലയുടെ നോട്ടീസ് തള്ളാനാണ് സാധ്യത. ഗവർണ്ണറുടേയും സർക്കാറിൻറെയും നീക്കങ്ങൾ കാത്തിരിക്കുകയാണ് പ്രതിപക്ഷം. നാളെ രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം സഭയിലെ നിലപാട് തീരുമാനിക്കും. ഗവർണ്ണറോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിന് ലാവ്‍ലിൻ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വപ്രശ്നത്തെ കുറിച്ചുള്ള ഭാഗം ഗവർണ്ണർക്ക് വേണമെങ്കിൽ വായിക്കാതെ വിടാം. അല്ലെങ്കിൽ വായിച്ചശേഷം എതിർപ്പ് സ്പീക്കറെ അറിയിക്കാം. അതിനുമപ്പുറം മാധ്യമങ്ങളെ കണ്ട് ഗവർണ്ണർ എതിർപ്പ് അറിയിക്കുമോ ? നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ അകത്തും പുറത്തും എന്തു നടക്കുമെന്ന ഉദ്വേഗവും ആകാംക്ഷയും വീണ്ടും കൂടുകയാണ്.